നയതന്ത്ര ചാനലിലൂടെയുള്ള സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ സരിത്ത് ജയില്‍ സൂപ്രണ്ട് അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ എന്‍ഐഎ കോടതിക്ക് മുമ്ബാകെ മൊഴി നല്‍കി. അഭിഭാഷകരെ ഒഴിവാക്കി സരിത്തിനെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് എന്‍ ഐ എ കോടതി മൊഴിയെടുത്തത്. ഒന്നേകാല്‍ മണിക്കൂറോളം മൊഴിയെടുക്കല്‍ നീണ്ടുനിന്നു.

ജയില്‍ സൂപ്രണ്ടടക്കം മൂന്നുപേര്‍ നിരന്തരമായി പീഡിപ്പിച്ചെന്നാണ് സരിത്ത് കോടതിയെ അറിയിച്ചത്. ജയിലില്‍ ഉറങ്ങാന്‍ അനുവദിക്കുന്നില്ല. രാത്രി ഉറങ്ങുന്നതിനിടയില്‍ നിരന്തരം വിളിച്ചുണര്‍ത്തുന്നുവെന്നും സരിത്ത് പറഞ്ഞു. സരിത്തിന് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

മാനസികവും ശാരീരികവുമായ പീഡനം പ്രതിയ്ക്ക് ഉണ്ടാവരുതെന്ന് ജയില്‍ ഡി ജി പിയോട് കോടതി നിര്‍ദ്ദേശിച്ചു. സരിത്തിന്റെ മൊഴിയില്‍ തുടര്‍ നടപടി തീരുമാനിക്കാന്‍ കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. ഭീഷണി ഉണ്ടായിരുന്നുവെന്നും എല്ലാം കോടതിയില്‍ പറഞ്ഞെന്നും സരിത്ത് കോടതിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.