ഏകപക്ഷീയമായി കേന്ദ്ര സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കുന്നതിനെതിരെ വിമര്‍ശനവുമായി ശിവസേന എം.പി രംഗത്ത്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ എം.പിയും ശിവസേനയുടെ ഡെപ്യൂട്ടി ലീഡറുമായ പ്രിയങ്ക ചതുര്‍വേദിയാണ് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ജനാധിപത്യത്തിന്‍റെ ക്ഷേത്രത്തെ ജനാധിപത്യത്തിന്‍റെ തന്നെ മ്യൂസിയമാക്കി മാറ്റിയെന്ന് അവര്‍ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ചതുര്‍വേദിയുടെ പ്രതികരണം.
”ബില്ലുകള്‍ ഓര്‍ഡിനന്‍സുകളിലൂടെ അവതരിപ്പിക്കുന്നു, വിശദമായ ചര്‍ച്ചയോ വോട്ടെടുപ്പോ ഇല്ലാതെയും സെലക്ഷന്‍ കമ്മിറ്റിക്ക് വിടാതെയും പാസാക്കുന്നു. പ്രതിപക്ഷത്തിന്റെ ഭാഗം കേള്‍ക്കാതെ ഇന്ന് രാജ്യസഭ ഒമ്ബത് ബില്ലുകള്‍ പാസാക്കി. നാളെ അവ തൊഴില്‍ ബില്ലുകളായിരിക്കാം. ജനാധിപത്യത്തിന്‍റെ ക്ഷേത്രം മുതല്‍ ജനാധിപത്യത്തിന്‍റെ മ്യൂസിയം വരെ” പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.