ന്യൂഡല്‍ഹി: രാജ്യവ്യാപക ലോക്ഡൗണ്‍ മേയ് 17നുശേഷവും തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സംസ്ഥാന മുഖ്യമന്ത്രിമാരുമായി ഇന്നലെ നടത്തിയ ആറുമണിക്കൂറിലധികം നീണ്ട വീഡിയോ കോണ്‍ഫറന്‍സിലാണ് പ്രധാനമന്ത്രിയുടെ നിലപാടറിയിച്ചത്.കോവിഡ് ബാധയെത്തുര്ന്നുള്ള നിയന്ത്രണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ മാന്ദ്യം ബാധിക്കാതിരിക്കാന്‍ ഏതൊക്കെ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണം, എങ്ങനെ മുന്നോട്ട് പോകണം എന്നതിനെക്കുറിച്ച് മേയ് 15-ന് മുമ്ബ് നിര്‍ദ്ദേശം നല്കാന് പ്രധാനമന്ത്രി സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അധ്യക്ഷനായ ഉന്നതാധികാര സമിതി 16ന് വൈകിട്ട് യോഗം ചേരും. യോഗത്തില്‍ മേയ് 17ന് ശേഷം സ്വീകരിക്കേണ്ട നടപടികളും നല്‍കേണ്ട ഇളവുകളും സംബന്ധിച്ചു തീരുമാനം കൈക്കൊള്ളും. പൊതുഗതാഗതം തുറക്കുന്നതു സംബന്ധിച്ച് ഉടന്‍ തീരുമാനം കൈക്കൊള്ളുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിലയിരുത്തിയയോഗം മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന മേയ് 17നു ശേഷം സ്വീകരിക്കേണ്ട നടപടികളാണ് പ്രധാനമായും ചര്‍ച്ച നടന്നത്.
ലോക്ഡൗണ്‍ ഉടന്‍ പിന്‍വലിക്കരുതെന്ന് ആറ് സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ ചില നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ മതിയെന്നായിരുന്നു മറ്റുസംസ്ഥാനങ്ങളുടെ നിലപാട്. പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുവദിക്കണമെന്നു ഭൂരിഭാഗം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും അഭ്യര്‍ഥിച്ചു. കേന്ദ്രം വല്ല്യേട്ടന് സ്വഭാവം കാണിക്കുന്നുവെന്ന് പഞ്ചാബ്, കേരളം, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ തുറന്നടിച്ചു.
മൂന്നാംഘട്ട ലോക്ഡൗണില്‍ സോണുകള്‍ തിരിച്ച രീതിയേയും വിവിധ സംസ്ഥാനങ്ങള്‍ വിമര്‍ശിച്ചു. സോണുകള്‍ തിരിച്ചതില്‍ അപകാതയുണ്ടെന്നും തങ്ങളുടെ സാമൂഹിക-ഭൂമിശാസ്ത്രപരമായ പശ്ചാത്തലങ്ങള്‍ അനുസരിച്ചു തീരുമാനമെടുക്കാന്‍ അനുവദിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൊതുഗതാഗത സംവിധാനം ഘട്ടംഘട്ടമായി തുറക്കുമെന്ന കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രഖ്യാപനത്തെയും ചില സംസ്ഥാനങ്ങള്‍ എതിര്‍ത്തു. ട്രെയിന്‍ സര്‍വീസ് സാധാരണ രീതിയില്‍ ആയാല്‍ നിയന്ത്രണങ്ങള്‍ പാളുമെന്നു തമിഴ്നാടും തെലങ്കാനയും പശ്ചിമബംഗാളും നിലപാട് എടുത്തു.
മേയ് 31 വരെ തമിഴ്നാട്ടില്‍ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പറഞ്ഞു. അതേസമയം, രോഗവ്യാപനമുള്ള മേഖലകളില്‍ നിയന്ത്രണം തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലെല്ലാം സാധാരണ നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുമതി വേണമെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കുറ്റപ്പെടുത്തി. തങ്ങള്‍ കേന്ദ്രവുമായി സഹകരിക്കുകയാണെന്നും എന്തിനാണ് ഈ സമയത്ത് രാഷ്ട്രീയം കളിക്കുന്നതെന്നും മമത ചോദിച്ചു.
തിരുവനന്തപുരം: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങളില്‍ മാറ്റം വരുത്താനുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രധാനമന്ത്രിയുമായുള്ള വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കു മുന്നില്‍ കേരളംവച്ച നിര്‍ദേശങ്ങള്‍:
* ഓരോ സംസ്ഥാനത്തെയും അവസ്ഥയനുസരിച്ചത് പൊതുഗതാഗതം അനുവദിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം.
* റെഡ്സോണ്‍ ഒഴികെയുള്ള പട്ടണങ്ങളില്‍ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി മെട്രോ റെയില്‍ സര്‍വീസ് അനുവദിക്കണം
* ജില്ലാ അടിസ്ഥാനത്തില്‍ സ്ഥിതി വിലയിരുത്തി മുച്ചക്ര വാഹനങ്ങള്‍ അനുവദിക്കണം.
* വ്യവസായ വാണിജ്യ സംരംഭങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ഇളവുകള്‍ നല്കാന് സംസ്ഥാനത്തിനാകണം.
* പ്രവാസികളെ വിമാനത്തില്‍ കയറ്റുന്നതിന് മുമ്ബ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പ്രത്യേക വിമാനങ്ങളില്‍ കേരളത്തില്‍ വന്ന അഞ്ചുപേര്‍ക്ക് ഇതിനകം കോവിഡ് സ്ഥിരീകരിച്ചു.
* അന്തര്‍സംസ്ഥാന യാത്രകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായിരിക്കണം. ഇളവുകള്‍ നല്‍കുന്നത് ക്രമേണയായിരിക്കണം.
* പുറപ്പെടുന്ന സ്ഥലത്തെയും എത്തിച്ചേരുന്ന സ്ഥലത്തെയും മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയമായി ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കണം. കോവിഡ് ലക്ഷണങ്ങളുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കരുത്.
* ഇതരസംസ്ഥാനങ്ങളില്‍നിന്ന് സ്വന്തം നാട്ടിലേക്കു മടങ്ങുന്നവര്‍ക്ക് കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ എല്ലാ സംസ്ഥാനങ്ങളുടേയും പ്രത്യേക പാസ് വേണമെന്ന നിബന്ധന ഒഴിവാക്കണം.
* അതിഥി തൊഴിലാളികള്‍ക്ക് അനുവദിച്ചതു പോലെ, ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരിച്ചു വരാനും പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തണം.
* ഇതരംസ്ഥാനങ്ങളില്‍ കുടുങ്ങിയവര്‍ക്കായുള്ള സംസ്ഥാനത്തിന്റെ രജിസ്ട്രേഷന് പരിഗണിക്കാതെ ഓണ്‍െലെന്‍ ബുക്കിങ് നടത്തി ട്രെയിന്‍ യാത്ര അനുവദിച്ചാല്‍ സമൂഹവ്യാപനം തടയാനുള്ള സംസ്ഥാനത്തിന്റെ ശ്രമം നിഷ്ഫലമാകും.
* മുംെബെ, അഹമ്മദബാദ്, കൊല്‍ക്കത്ത, ചെെന്നെ, െഹെദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണം. എത്തിച്ചേരുന്ന സംസ്ഥാനത്തെ സര്‍ക്കാരിന്റെ രജിസ്ട്രേഷന് പരിഗണിച്ച് ടിക്കറ്റ് നല്‍കണം.
* സംസ്ഥാനങ്ങള്‍ക്ക് മതിയായ തോതില്‍ ടെസ്റ്റ് കിറ്റുകള്‍ അനുവദിക്കണം.
* വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്നവരെ ഉള്‍പ്പെടെ വീടുകളില്‍ നിരീക്ഷണത്തിലേക്ക് അയയ്ക്കണം.
* സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയ്ക്കും അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുമുള്ള സഹായപദ്ധതികള്‍ വേഗം പ്രഖ്യാപിക്കണം.
*ഭക്ഷ്യഉല്പാദനം വര്‍ധിപ്പിക്കുന്നതിനു തരിശുഭൂമിയിലടക്കം കൃഷി ചെയ്യാനുള്ള ബൃഹദ്പദ്ധതിക്ക് കേരളം രൂപം നല്‍കിയിട്ടുണ്ട്. അതിന് സഹായകമാംവിധം തൊഴിലുറപ്പ് പദ്ധതിയെ ക്രമീകരിക്കണം.