ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിക്കുന്നവരില്‍ 70 ശതമാനം പേരും പുരുഷന്മാര്‍ എന്ന് റിപ്പോര്‍ട്ട്. കൊറോണ വൈറസ് ബാധിക്കുന്ന 30 ശതമാനം സ്ത്രീകള്‍ മാത്രമാണ് മരിക്കുന്നത്. ഇതുകൂടാതെ, മരിച്ചവരില്‍ 47 ശതമാനം പേരും 60 വയസിന് താഴെയുള്ളവരാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് രോഗം ബാധിച്ച് 1,10,116 പേരാണ് രാജ്യത്താകെ മരിച്ചത്.
60 വയസിന് മുകളിലുള്ളവര്‍ക്ക് കൊറോണ വൈറസ് രോഗം ബാധിക്കുന്നത് മാരകമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍, രാജ്യത്ത് ആകെ മരണത്തിന്‍റെ 53 ശതമാനം മാത്രമാണ് 60ന് മുകളിലുള്ളവര്‍. മരിച്ചവരില്‍ 35 ശതമാനം പേര്‍ 45നും 60നും ഇടയില്‍ പ്രായമുള്ളവരാണ്.
26നും 44നും ഇടയില്‍ പ്രായമുള്ളവര്‍ ആകെ മരണത്തിന്‍റെ 10 ശതമാനമാണ് ഉള്ളത്. 18നും 25നും ഇടയില്‍ പ്രായമുള്ള ഒരു ശതമാനം പേര്‍ മാത്രമാണ് മരിച്ചത്.
60ന് മുകളിലുള്ള കോവിഡ് രോഗികളില്‍ മറ്റ് അസുഖങ്ങളുള്ള 24.6 ശതമാനം പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് അസുഖങ്ങളില്ലാത്ത 60ന് മുകളിലുള്ള രോഗികളില്‍ 4.8 ശതമാനമാണ് മരണനിരക്ക് ഉള്ളത്.
45നും 60നും ഇടയില്‍ പ്രായമുള്ള മറ്റ് അസുഖങ്ങളുള്ളവരില്‍ 13.9 ശതമാനം പേര്‍ മരിച്ചു. മറ്റ് അസുഖങ്ങളില്ലാത്തവരില്‍ 1.5 ശതമാനമാണ് മരണനിരക്ക്.
ആകെ മരണനിരക്കില്‍, മറ്റ് അസുഖങ്ങളുള്ള കോവിഡ് രോഗികളില്‍ 17.9 ശതമാനം പേരും മരണത്തിന് കീഴടങ്ങി. മറ്റ് അസുഖങ്ങളില്ലാത്തവരില്‍ 1.2 ശതമാനം മാത്രമാണ് മരിച്ചത്.
രാജ്യത്ത് കൊറോണ വൈറസ് പോസിറ്റിവിറ്റി നിരക്കില്‍ കുറവ് വന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. സെപ്റ്റംബര്‍ ഒമ്പതിനും 15നും ഇടക്ക് 8.50ശതമാനം ആയിരുന്ന പോസിറ്റിവിറ്റി നിരക്ക് നിലവില്‍ 6.24 ആയി കുറഞ്ഞിട്ടുണ്ട്.