രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 54 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 രാജ്യത്ത് 92,605 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. 1,133 പേർ കൊവിഡ് ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 86,000 കടന്നു.

രാജ്യത്ത് കൊവിഡ് വ്യാപനം അതീവ രൂക്ഷമായി തുടരുകയാണ്. പ്രതിദിന കേസുകൾ 90,000 ന് മുകളിലാണ് റിപ്പോർട്ട് ചെയ്യുന്നത്. 54,00,620 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 86,752 പേർ ഇതുവരെ മരിച്ചു. രോഗ ബാധയുള്ള 10,10,824 പേരാണ് നിലവിൽ രാജ്യത്ത് ഉള്ളത്. രോഗമുക്തി നിരക്ക് 79.68 ശതമാനമായി ഉയർന്നു. മരണനിരക്ക് 1.6 ശതമാനത്തിൽ തുടരുന്നു.

24 മണിക്കൂറിനിടെ 12,06,806 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. രോഗവ്യാപനം രൂക്ഷമായ ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച കൂടിക്കാഴ്ച നടത്തും. 12 ലക്ഷത്തിലേക്ക് അടുക്കുകയാണ് മഹാരാഷ്ട്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം. അതിനിടെ രാജസ്ഥാൻ ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രാജസ്ഥാനിലെ 11 ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒക്ടോബർ 31 വരെ പൊതുചടങ്ങുകൾ സംസ്ഥാനത്ത് വിലക്കി. നാളെ മുതൽ സെപ്റ്റംബർ 28 വരെ ഛത്തീസ്ഗഡിലെ റായ്പൂരിൽ വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.