ന്യൂഡല്‍ഹി: രാജ്യത്ത് അണ്‍ലോക്ക് നാലാം ഘട്ടം ഇന്ന് മുതല്‍ നിലവില്‍ വരും. ഏഴ് മുതല്‍ മെട്രോ സര്‍വീസുകള്‍ ആരംഭിക്കും. പ്രത്യേക കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു വേണം സര്‍വീസുകള്‍ നടത്താന്‍. സാംസ്കാരിക-കായിക-വിനോദ-സാമൂഹിക- ആത്മീയ-രാഷ്ട്രീയ യോ​ഗങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും അനുമതി. പരമാവധി നൂറ് പേര്‍ക്കാണ് പങ്കെടുക്കാന്‍ അനുമതി. സെപ്തംബ‍ര്‍ 21 മുതല്‍ ഓപ്പണ്‍ തീയേറ്ററുകള്‍ക്ക് അനുമതിയുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓണ്‍ലൈന്‍ ക്ളാസ് നടത്താന്‍ 50 ശതമാനം അധ്യാപകരെ വരാന്‍ അനുവദിക്കും. 9 മുതല്‍ 12 വരെ ക്ളാസിലുള്ളവര്‍ക്ക് അദ്ധ്യാപകരുടെ സഹായം തേടാന്‍ പുറത്തു പോകാനും അനുമതിയുണ്ട്.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മുപ്പത്തിയേഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം ഇന്നും പ്രതിദിന വര്‍ധന എഴുപതിനായിരത്തിനടുത്തെത്തുമെന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകത്തില്‍ 6,495 പേര്‍ക്കും, തമിഴ്നാട്ടില്‍ 5,956 പേര്‍ക്കും, തെലങ്കാനയില്‍ 1,873 പേര്‍ക്കും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.