ന്യൂഡല്‍ഹി : ഒളിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് ആറാം മെഡല്‍ സമ്മാനിച്ച ബജരംഗ് പുനിയക്ക് പാരിതോഷികം പ്രഖ്യാപിച്ച്‌ ഹരിയാന സര്‍ക്കാര്‍. ഒളിമ്പിക്ക്‌സ് ഗുസ്തിയില്‍ പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്‌റ്റൈലില്‍ കസാഖിസ്താന്‍ താരത്തെ മലര്‍ത്തിയടിച്ചാണ് ബജരംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കിയത്. രാജ്യത്തിന്റെ അഭിമാനമായി മാറിയ താരത്തിന് 2.5 കോടി രൂപ സമ്മാനമായി നല്‍കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചു.

ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ പുനിയക്ക് മുഖ്യമന്ത്രി ആശംസകള്‍ അറിയിച്ചു. ഗുസ്തി മത്സരത്തില്‍ മെഡല്‍ നേടിയ പുനിയ രാജ്യത്തെ ജനങ്ങളുടെ ഹൃദയം കവര്‍ന്നു എന്ന് ഖട്ടാര്‍ പറഞ്ഞു. ഇതിന പിന്നാലെയാണ് അദ്ദേഹം പാരിതോഷികം പ്രഖ്യാപിച്ചത്.

സംസ്ഥാനത്തിന്റെ നയം അനുസരിച്ച്‌ താരത്തിന് സര്‍ക്കാര്‍ ജോലി നല്‍കും. ഇത് കൂടാതെ പുനിയക്ക് ഹരിയാനയില്‍ എവിടേയും പകുതി വിലയ്‌ക്ക് സ്ഥലം വാങ്ങാനും സര്‍ക്കാര്‍ അനുമതി നല്‍കും. പുനിയയുടെ സ്വന്തം ഗ്രാമമായ ജജ്ജാറിലെ ഖുദാനില്‍ ഒരു ഗുസ്തി സ്റ്റേഡിയം നിര്‍മ്മിക്കുമെന്നും ഖട്ടാര്‍ അറിയിച്ചു.

നേരത്തെ ഒളിമ്പിക്‌സിലെ ഗുസ്തി മത്സരത്തില്‍ വെള്ളി നേടിയ രവി കുമാര്‍ ദാഹിയക്കും ഹരിയാന സര്‍ക്കാര്‍ പാരിതോഷികം നല്‍കിയിരുന്നു. 4 കോടി രൂപയും എ ക്ലാസ് സര്‍ക്കാര്‍ ജോലിയുമാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.