ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന് ഏഴ് വിക്കറ്റ് ജയം. രാജസ്ഥാന് ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ ബാംഗ്ലൂര്‍ മറികടന്നു. 22 പന്തില്‍ 55 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്സാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത രാജസ്ഥാന് നിശ്ചിത ഓവറില്‍ 177 റണ്‍സ് നേടി. ആറ് വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെയും റോബിന് ഉത്തപ്പയുടെയും കരുത്തിലാണ് രാജസ്ഥാന് സ്കോര്‍ ഉയര്‍ത്തിയത്. സ്മിത്ത് 36 പന്തില്‍ 57 റണ്‍സെടുത്തു. ഉത്തപ്പ 22 പന്തില്‍ 41 റണ്‍സും. ഓപ്പണിംഗില്‍ മാറ്റവുമായാണ് രാജസ്ഥാന് ബാറ്റിംഗിന് ഇറങ്ങിയത്. ബെന്‍ സ്റ്റോക്സിനൊപ്പം റോബിന് ഉത്തപ്പ ക്രീസിലെത്തുകയായിരുന്നു. ഓപ്പണര്‍ റോള്‍ തനിക്ക് കൂടുതല്‍ ചേരും എന്ന് തെളിയിക്കുന്ന വിധത്തിലായിരുന്നു ഉത്തപ്പയുടെ ബാറ്റിംഗ്.
മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂരിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. സ്കോര്‍ 23 ല്‍ നില്‍ക്കുമ്പോഴാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ദേവ്ദത്ത് പടിക്കലിന് കൂട്ടായി വിരാട് കോലികൂടി എത്തിയതോടെ സ്കോര്‍ ഉയര്‍ന്നു. അവസാന ഓവറില്‍ ബാംഗ്ലൂരിന് ജയിക്കാന്‍ 11 റണ്‍സ് മാത്രം മതിയായിരുന്നു. അവസാന ഓവറില്‍ അര്‍ധ സെഞ്ചുറി തികച്ച ഡിവില്ലിയേഴ്സിന്റേതായിരുന്നു വിജയ റണ്‍സും.