വിക്‌ടേഴ്‌സ് ചാനലില്‍ ‘ഫസ്റ്റ്ബെല്‍’ ഓണ്‍ലൈന്‍ പ്രത്യേക ക്‌ളാസ്സുകള്‍ തിങ്കളാഴ്‌ച മുതല്‍ വീണ്ടും തുടങ്ങും. മുഴുവന്‍ വിഷയങ്ങളിലും തുടര്‍പാഠങ്ങള്‍ വിക്ടേഴ്‌സ് ചാനലിലും യൂട്യൂബിലും സാമൂഹ്യമാധ്യമങ്ങളിലും ലഭ്യമാകുമെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് ഘട്ടത്തിലായി നടത്തിയ ട്രയല്‍ വിജയകരമായതിനെത്തുടര്‍ന്നാണ് തിങ്കളാഴ്‌ചമുതല്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ക്ലാസ് ആരംഭിക്കുന്നത്. എസ്‌സിഇആര്‍ടിയാണ് പാഠഭാഗങ്ങള്‍ ഒരുക്കിയത്.
സ്‌കൂള്‍ തുറക്കുന്നതിനുമുമ്ബ് നടത്തിയ പരിശോധനയില്‍ 2.5 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു. ആദ്യ ആഴ്‌ചതന്നെ രണ്ടുലക്ഷത്തിലേറെ പേര്‍ക്ക് ടിവി, ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവ പൊതുജന സഹകരണത്തേടെ ലഭ്യമാക്കി. അവശേഷിച്ചവര്‍ക്കും പഠന സൗകര്യമൊരുക്കിയതോടെയാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും തിങ്കളാഴ്‌ച ക്ലാസ് ആരംഭിക്കുന്നത്. ഏതെങ്കിലും കുട്ടികള്‍ക്ക് പഠനം പ്രയാസമാണെന്ന് അറിഞ്ഞാല്‍ സ്‌കൂളുകളില്‍ ഹൈടെക് പദ്ധതിയുടെ ഭാഗമായി വാങ്ങിയ ലാപ്‌ടോപ് എത്തിക്കണമെന്ന് മന്ത്രി സി രവീന്ദ്രനാഥ് നിര്‍ദേശിച്ചു.
വിക്ടേഴ്സ് ചാനലിനുപുറമെ ഫെയ്‌സ്ബുക്കില്‍ victerseduchannel ല്‍ ലൈവായും യുട്യൂബില്‍ itsvicters ക്ലാസുകള്‍ കാണാം. തിങ്കള്‍മുതല്‍ വെള്ളിവരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടും ക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നുമുതല്‍ ഒമ്ബതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണസമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍നിന്നും ഓഫ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.
ഓണ്‍ലൈന്‍ക്ലാസില്‍, ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്ക് കൂടി സഹായകമാകുന്ന വിധം കാര്യങ്ങള്‍ എഴുതിക്കാണിക്കും.ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷാ ക്ലാസുകളില്‍ മലയാള വിശദീകരണവും നല്‍കും. ഉര്‍ദു, സംസ്കൃതം, അറബിക് ക്ലാസും തുടങ്ങും. തമിഴ് മീഡിയം ക്ലാസുകള്‍ youtube.com/drcpkd ലിങ്കിലും കന്നട മീഡിയം youtube.com/KITEKasaragod ലിങ്കിലും ലഭ്യമാക്കും.