രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വരുന്നത് പുതിയ മാറ്റങ്ങള്‍. അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അവസാനം കുറിച്ച്‌ മന്ത്രിസഭാ പുന: സംഘടന ഇന്ന് വൈകിട്ട് ഉണ്ടാകും . പുതിയ മന്ത്രിമാര്‍ ആറുമണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ടാം മോദി സര്‍ക്കാരില്‍ പുതിയ മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നവര്‍ പ്രധാനമന്ത്രിയുടെ ഒദ്യോഗിക വസതിയിലെത്തി. നിലവിലെ മന്ത്രിമാരില്‍ പ്രതീക്ഷിക്കാത്തവരാണ് ഒഴിവാകുന്നതെന്നാണ് സൂചന. ഇപ്പോള്‍ 54 പേരാണ് മോദി മന്ത്രിസഭയിലുള്ളത്. ഇത് 81 അംഗങ്ങള്‍ വരെയാകാനാണ് സാദ്ധ്യത തെളിയുന്നത്.
രണ്ടാം മോദി സര്‍ക്കാരിലെ മന്ത്രിസഭയിലേക്ക് പുനസംഘടന വഴി ഇരുപതിലധികം മന്ത്രിമാരെത്തും എന്നാണ് കണക്കാക്കുന്നത്. ബി.ജെ.പിയുടെ തീപ്പൊരി നേതാക്കളായ മീനാക്ഷി ലേഖി, ശോഭാ കരന്തലജെ, അനുപ്രിയാ പട്ടേല്‍, സുനിത ദഗ്ഗല്‍, ഹീനാ ഗാവിത, സോനേവാള്‍ എന്നിവരുടേ പേരുകള്‍ സജീവമായി ഉയരുന്നുണ്ട്. നാരായണ്‍ റാണെ, ജ്യോതിരാദിത്യ സിന്ധ്യ, കപില്‍ പാട്ടീല്‍, അജയ് ഭട്ട് എന്നിവര്‍ക്കും മന്ത്രിക്കസേര ഉറപ്പായിട്ടുണ്ടെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. മന്ത്രിസഭയിലെ മലയാളി സാന്നിദ്ധ്യമായ വി മുരളീധരന് ടൂറിസം വകുപ്പിന്റെ സ്വതന്ത്ര ചുമതല കൂടി ലഭിച്ചേക്കും. വിദേശകാര്യ വകുപ്പ് അദ്ദേഹത്തില്‍ നിലനിര്‍ത്തും എന്നാണ് സൂചന.
രണ്ട് കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നതോടെ അതാരാവും എന്ന ചര്‍ച്ചകളും ഇതിനകം ആരംഭിച്ചിട്ടുണ്ട്. മാനവവിഭവ ശേഷി വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാലിനെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നാണിത്. തൊഴില്‍ മന്ത്രി സന്തോഷ് ഗാംഗ്വര്‍ ഇന്ന് ഉച്ചയോടെ രാജിക്കത്ത് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന് പുതുതായി എന്ത് ചുമതല ലഭിക്കും എന്ന് വ്യക്തമായിട്ടില്ല. രാജി വച്ചുവെന്ന് അദ്ദേഹം വാര്‍ത്താ ഏജന്‍സിയോട് സ്ഥിരീകരിച്ചിട്ടുണ്ട്.