കൊച്ചി: ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിങ് ചാമ്പ്യന്‍ഷിപ്പ് (ഐഎന്‍എംആര്‍സി) 2020 സീസണിന്റെ രണ്ടാം ദിനത്തിലും പോയിന്റ് നേട്ടം തുടര്‍ന്ന് ഹോണ്ട റേസിങ് ടീം. ഇനിയോസ് ഹോണ്ട എരുല റേസിങ് ടീമിന്റെ രാജീവ് സേതു, മഥന കുമാര്‍ എന്നിവര്‍ തുടര്‍ച്ചയായ രണ്ടാം ദിനവും പ്രോ-സ്റ്റോക്ക്165സിസി ദേശീയ വിഭാഗം റേസില്‍ രണ്ടു പോഡിയം നേട്ടം സ്വന്തമാക്കി.

ആദ്യ മത്സരത്തിലാണ് രാജീവ് സേതുവും മഥന കുമാറും മികച്ച സ്ഥാനങ്ങള്‍ നേടിയത്. ഒന്നാം സ്ഥാനത്തിന് മികച്ച മത്സരം നടത്തിയതോടെ ഓരോ ലാപിലും ലീഡ് മാറിമാറി വന്നു. 0.077 സെക്കന്‍ഡ് വ്യത്യാസത്തില്‍ ട്രിച്ചിയില്‍ നിന്നുള്ള മഥന കുമാര്‍ രണ്ടാം സ്ഥാനത്തെത്തി. രാജീവ് സേതു മൂന്നാം സ്ഥാനം നേടിയപ്പോള്‍ സെന്തില്‍ കുമാര്‍ അഞ്ചാം സ്ഥാനക്കാരനായി. ഇതോടെ മൂവര്‍ സംഘം ഉള്‍പ്പെടുന്ന ടീം ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളിലുമെത്തി.

അതേസമയം, ഐഡിമിത്‌സു ഹോണ്ട ഇന്ത്യ ടാലന്റ് കപ്പ് എന്‍എസ്എഫ്250ആര്‍ കാറ്റഗറിയില്‍ സാര്‍തക് ചവന്‍, കവിന്‍ ക്വിന്റാല്‍, വരൂണ്‍ എസ് എന്നിവര്‍ ആദ്യ സ്ഥാനങ്ങളിലെത്തി. സിബിആര്‍ 150ആര്‍ നോവിസ് കപ്പ് വിഭാഗത്തില്‍ യുവറൈഡല്‍ ശ്യാം സുന്ദര്‍ കന്നി വിജയം നേടി.

രാജീവ് സേതുവിന്റെയും മഥന കുമാറിന്റെയും പ്രകടനം, അവര്‍ പരിചയസമ്പന്നരായ റൈഡര്‍മാരാണെന്ന് തെളിയിക്കുന്നുവെന്നും തങ്ങളുടെ പരിചയസമ്പന്നരായ റൈഡര്‍മാര്‍ മാത്രമല്ല, യുവതാരങ്ങളും വളരെ മികച്ച പ്രകടനം കാഴ്ചവച്ചെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ബ്രാന്‍ഡ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.