ഇംഗ്ലണ്ടിലുളള 23 അംഗ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ രണ്ട് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍. ഇതില്‍ ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവായെന്നും ഒരാള്‍ ഐസൊലേഷനില്‍ തുടരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുമില്ല. ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നത് വാസ്തവമാണെന്നും അദ്ദേഹത്തിന് രോഗ ലക്ഷണങ്ങള്‍ ഇല്ലെന്നുമാണ് ബിസിസിഐ വൃത്തങ്ങളില്‍ നിന്നുളള വിവരമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് ബാധിച്ചതെന്നും ഐസലേഷനിലാണെന്നും വ്യാഴാഴ്ച ഡര്‍ഹമിലേക്ക് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം ഈ താരം ഉണ്ടാകില്ലെന്നുമാണ് മറ്റ് വിവരങ്ങള്‍. ചൊവ്വാഴ്ചയാണ് ഇംഗ്ലണ്ട്- ഇന്ത്യ പരമ്ബരയ്ക്ക് മുന്നോടിയായുളള സന്നാഹ മത്സരങ്ങള്‍ തുടങ്ങുന്നത്. കൊവിഡ് ബാധിതരായവര്‍ക്ക് സന്നാഹ മത്സരങ്ങള്‍ നഷ്‌ടമാകും.
കൊവിഡ് കേസുകള്‍ വര്‍ധിച്ച് വരുന്നതിനാല്‍ കരുതല്‍ വേണമെന്ന മുന്നറിയിപ്പ് ബിസിസിഐ സെക്രട്ടറി ജയ് ഷാ നേരത്തെ ടീമിന് നല്‍കിയിരുന്നു. ഇത് സംബന്ധിച്ച് കത്തും അയച്ചിരുന്നു. താരങ്ങളെല്ലാം രണ്ട് ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ എടുത്തെങ്കിലും വൈറസിനെ പൂര്‍ണമായും തടയില്ലെന്നും രോഗം ഗുരുതരമാകാതെ സുരക്ഷിതരാക്കുകയാണ് ചെയ്യുന്നതെന്നും ഈ കത്തില്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ആളുകള്‍ കൂടുതലായി എത്തുന്ന ഇടങ്ങളിലേക്ക് പോകരുതെന്നും നിര്‍ദേശിച്ചിരുന്നു.
ഇംഗ്ലണ്ടില്‍ നടന്ന യൂറോ കപ്പ് മത്സരത്തില്‍ ഇംഗ്ലണ്ടും ജര്‍മ്മനിയും തമ്മിലുളള മത്സരം കാണാന്‍ ഋഷഭ് പന്ത്, ജസ്പ്രീത് ബുമ്ര എന്നിവര്‍ പോയതും വിംബിള്‍ഡണ്‍ ഫൈനല്‍ കാണാന്‍ കോച്ച് രവിശാസ്ത്രി, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ പോയതും നേരത്തെ വാര്‍ത്തയായിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ആഗസ്റ്റ് നാലിനാണ് ഇംഗ്ലണ്ടിനെതിരെയുളള ടെസ്റ്റ് പരമ്ബര ആരംഭിക്കുന്നത്. ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് ഫൈനലിന് ശേഷം താരങ്ങള്‍ ബയോബബ്ളിന് പുറത്തായിരുന്നു. വരുന്ന മത്സരങ്ങള്‍ക്ക് മുന്നോടിയായി ഈ ആഴ്ചയാണ് ഇന്ത്യന്‍ ടീമംഗങ്ങള്‍ ഡര്‍ഹമില്‍ ബയോ സെക്യുര്‍ ബബ്ളില്‍ വീണ്ടും ഒന്നിച്ചു കൂടുന്നത്.
ഇംഗ്ലണ്ടിലുള്ള ഇന്ത്യന്‍ ടെസ്റ്റ് സ്ക്വാഡ്: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍(പരിക്ക്), മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോഹ്ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), ഹനുമ വിഹാരി, ഋഷഭ് പന്ത്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുമ്ര, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍, ഉമേഷ് യാദവ്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ.
സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍: അഭിമന്യു ഈശ്വരന്‍, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, അര്‍സാന്‍ നാഗ്വസ്വല്ല, കെ എസ് ഭരത്.



