വീഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബിന്‍റെ മുന്‍ സിഇഒ സൂസന്‍ വിജിഡ്‌സ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷക്കാലമായി സൂസന്‍ ചികില്‍സയിലായിരുന്നു. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയാണ് ഈ സങ്കട വാര്‍ത്ത ലോകത്തെ അറിയിച്ചത്. 2015ല്‍ ടൈം മാഗസിന്‍ ലോകത്തെ ഏറ്റവും സ്വാധീനം ചൊലുത്തുന്ന 100 വ്യക്തികളില്‍ ഒരാളായി തെരഞ്ഞെടുത്തയാളാണ് സൂസന്‍ വിജിഡ്‌സ്‌കി. ഇന്‍റര്‍നെറ്റിലെ ഏറ്റവും കരുത്തുറ്റ വനിതയായും സൂസന്‍ അറിയപ്പെടുന്നു.
കാലിഫോര്‍ണിയയില്‍ 1968 ജൂലൈ അഞ്ചിനായിരുന്നു സൂസന്‍ വിജിഡ്‌സ്‌കിയുടെ ജനനം. ഗൂഗിളിനെ രൂപപ്പെടുത്തിയ വ്യക്തികളിലൊരാളായാണ് സൂസന്‍ വിജിഡ്‌സ്‌കി അറിയപ്പെടുന്നത്. 1998ല്‍ തന്‍റെ ഗാരേജ് വിട്ടുനല്‍കിക്കൊണ്ട് ഗൂഗിളിന്‍റെ സ്ഥാപനത്തിന്‍റെ സൂസന്‍ ഭാഗമായി. 1999ല്‍ കമ്പനിയുടെ ആദ്യത്തെ മാര്‍ക്കറ്റിംഗ് മാനേജരായി ചുമതലയേറ്റു.
ഗൂഗിളിലെ മാര്‍ക്കറ്റിംഗിനൊപ്പം ലോഗോ ഡിസൈന്‍, ഗൂഗിള്‍ ഇമേജ് സെര്‍ച്ച് സ്ഥാപനം എന്നിവയുടെയും ഭാഗമായി. ഗൂഗിളിന്‍റെ അഡ്വടൈസിംഗ് ആന്‍ഡ് കൊമേഴ്‌സ് വിഭാഗത്തിന്‍റെ സീനിയര്‍ വൈസ് പ്രസിഡന്‍റായിരുന്നു. ആഡ്‌വേഡ്‌സ്, ആഡ്‌സെന്‍സ്, ഡബിള്‍ക്ലിക്ക്, ഗൂഗിള്‍ അനലിറ്റിക്‌സ് തുടങ്ങിയ വിഭാഗങ്ങളുടെ ചുമതലക്കാരി കൂടിയായിരുന്നു സൂസന്‍ വിജിഡ്‌സ്‌കി.