ജോളി എം. പടയാട്ടില്‍

ആഗോളതലത്തിലുള്ള ഒരു സമാധാന സംഘടന രൂപീകരിക്കേണ്ടതു ലോകരാജ്യങ്ങളുടെ, മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമായിരുന്ന ഒരു കാലഘട്ടത്തിലായിരുന്നു ഐക്യരാഷ്ട്രസംഘടന ഉദയം കൊണ്ടത്. 1914 മുതല്‍ 1918 വരെ നീണ്ടു നിന്ന ഒന്നാം ലോകമഹായുദ്ധം പതിനാറ് മില്ല്യന്‍ ജനങ്ങളെയാണ് കൊന്നൊടുക്കിയത്. അന്നു മുതല്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ആഗോളതലത്തിലുള്ള ഒരു സമാധാന സംഘടന രൂപീകരിക്കുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. തുടര്‍ന്നു 1920 ജനുവരി 10-ാം തീയതി ലീഗ് ഓഫ് നേഷ്യന്‍സ് രൂപീകരിച്ചെങ്കിലും ഹിറ്റ്‌ലര്‍ ആ സംഘടനയില്‍ നിന്ന് പിന്മാറിയതോടെ അതിന്റെ പ്രസക്തി നഷ്ടമാവുകയും ഉദ്ദേശിച്ച ഫലത്തിലെത്താന്‍ കഴിയാതാവുകയും ചെയ്തു. 1919 ലുണ്ടാക്കിയ വേഴ്‌സായി ഉടമ്പടിക്കും പ്രതീക്ഷിച്ച ഫലം കാണാനായില്ല.
രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ട് രാജ്യങ്ങള്‍ തമ്മില്‍ പരസ്പരം യുദ്ധപോര്‍മുഖം തുറന്നപ്പോള്‍ ആഗോള സമാധാനത്തിനുള്ള മുറവിളി വീണ്ടും ശക്തമായി. യുദ്ധത്തിന്റെ കെടുതികളനുഭവിച്ചു കൊണ്ടിരുന്ന രാജ്യങ്ങള്‍ ഏതുവിധേനയും ഒരാഗോള സമാധാന സംഘടന രൂപീകരിക്കണമെന്ന് തീരുമാനിച്ചു. 1939-മുതല്‍ 1945 വരെ നീണ്ടു നിന്ന രണ്ടാം ലോകമഹായുദ്ധത്തില്‍ രണ്ടരകോടിയോളം പട്ടാളക്കാരും, അഞ്ചുകോടിയോളം സാധാരണ ജനങ്ങളുമാണ് നിഷ്‌കരുണം വധിക്കപ്പട്ടത്. ആര്‍ത്തിപൂണ്ട യുദ്ധവെറിയന്മാര്‍പോലും ഈ യുദ്ധത്തിനു ശേഷം ഇനി ഇങ്ങനെയൊരു യുദ്ധം ഉണ്ടാകരുതെന്നാഗ്രഹിച്ചു. യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അമേരിക്കല്‍ പ്രസിഡന്റായിരുന്ന ഫ്‌റാങ്ക്‌ലിന്‍ റൂസ്‌വെല്‍റ്റും, ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റന്‍ ചര്‍ച്ചിലും തമ്മില്‍ ആഗോള സമാധാന സംഘടനയെകുറിച്ചുള്ള ആലോചനകള്‍ നടന്നു കൊണ്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ഫ്‌റാങ്കലില്‍ ഡിറൂസ് വെല്‍റ്റായിരുന്നു യുണൈറ്റഡ് നേഷന്‍സ് എന്ന പേരു ആദ്യമായി നിര്‍ദ്ദേശിച്ചത്.
14.08.1941-ല്‍ അമേരിക്കല്‍ പ്രസിഡന്റ് ഫ്‌റാങ്കലില്‍ റൂസ്‌വെല്‍റ്റും, ബ്രീട്ടിഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലും അറ്റ്‌ലാന്‍ഡിക്ക് ചാര്‍ട്ടര്‍ എന്ന ഉടമ്പടിയില്‍ ഒപ്പുവച്ചു. ഇതുപ്രകാരം അമേരിക്കയും, ബ്രിട്ടനും തങ്ങളുടെ രാജ്യങ്ങളുടെ ദേശിയ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുകയും ലോകരാജ്യങ്ങള്‍ക്കിടയില്‍ ഈ ആശയം പ്രചരിപ്പിക്കുകയും ചെയ്തു. അമേരിക്കയും, ബ്രിട്ടനും ചേര്‍ന്നു രൂപം കൊടുത്ത് ഈ ഉടമ്പടി സഖ്യ രാഷ്ട്രങ്ങളും. പിന്തുണച്ചതോടെ വിവിധ രാജ്യങ്ങളിലായി നിരവധി ചര്‍ച്ചകള്‍ നടന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 01.01.1942-ല്‍ പ്രസിഡന്റ് റൂസ്‌വെല്‍റ്റ്, പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചില്‍, റഷ്യന്‍ പ്രതിനിധി ലിത്വിനോവി, ചൈനീസ് പ്രതിനിധി സുങ്ങ് എന്നിവര്‍ ചേര്‍ന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭരണഘടനയേയും, പ്രവര്‍ത്തനമണ്ഡലങ്ങളേയും കുറിച്ച് ധാരണയിലെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യയുള്‍പ്പെടെയുള്ള ഇരുപത്തിയാറു രാജ്യങ്ങള്‍ ഇതിനിടയില്‍ ഇതില്‍ അംഗമായി ചേര്‍ന്നു.
1943-ല്‍ മോസ്‌ക്കോയില്‍ കൂടിയ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ലോകസമാധാനത്തിനും, സുരക്ഷിതത്വത്തിനും വേണ്ടി സമാധാനകാംക്ഷികളായ രാജ്യങ്ങളെ ഉള്‍പ്പെടുത്തി സമത്വത്തിലധിഷ്ഠിതമായ ഒരു അന്തരാഷ്ട്ര സംഘടന സ്ഥാപിക്കുവാന്‍ തീരുമാനിച്ചു. യുദ്ധം ഒഴിവാക്കുക, ലോകസമാധാനം നിലനിര്‍ത്തുക, രാജ്യങ്ങള്‍ തമ്മില്‍ സൗഹാര്‍ദ്ധവും, സഹവര്‍ത്തിത്വവും വളര്‍ത്തുക, വലിപ്പ ചെറുപ്പം നോക്കാതെ രാജ്യങ്ങള്‍ക്കു തുല്യപദവി നല്‍ക്കുക, മനുഷ്യവകാശങ്ങളേയും, മനുഷ്യ മഹത്വത്തേയും മാനിക്കുക, രാഷ്ട്രങ്ങളുടെ സാമൂഹ്യ പുരോഗതിക്കും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കും വേണ്ടി നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളായിരുന്നു സംഘടനയുടേത്. ഇങ്ങനെയാണ് ഐക്യരാഷ്ട്ര സഭയ്ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് 1944-ല്‍ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ വാഷിംങ്ങ്ടണില്‍ സമ്മേളിച്ചു ഐക്യരാഷ്ട്ര സംഘടനക്ക് വേണ്ട ഭരണഘടന എഴുതിയുണ്ടാക്കിയെങ്കിലും, രക്ഷാസമിതിയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയും, വോട്ടിങ്ങ് രീതിയെപറ്റിയും ധാരണയിലെത്താനാവാതെ പിരിഞ്ഞു. 1945 മാര്‍ച്ച് ഒന്നാം തീയതി ഇരുപ്പത്തിയൊന്നു രാജ്യങ്ങള്‍കൂടി ഇതില്‍ അംഗമായി ചേര്‍ന്നു. ഇതിനിടയില്‍ അമേരിക്കന്‍ പ്രസിഡന്റ് റുസ്‌വെല്‍റ്റും, റഷ്യന്‍ പ്രസ്ഡന്റ്, സ്റ്റാലിനും, ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലും യാള്‍ട്ടയില്‍ ഒരുമിച്ചു കൂടി രക്ഷാസമിതിയുടെ പ്രവര്‍ത്തനങ്ങളെയും, വോട്ടിങ്ങ് സംമ്പ്രദായത്തെ കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെങ്കിലും ധാരണയിലെത്താനാകാതെ വീണ്ടും പിരിയേണ്ടി വന്നു. 1945-ല്‍ അന്‍പതു രാജ്യങ്ങളുടെ പ്രതിനിധികള്‍ സാന്‍ഫ്രാന്‍സീസ്‌ക്കോയില്‍ സമ്മേളിച്ചു. യാള്‍ട്ടാ സമ്മേളനത്തിലെടുത്ത തീരുമാനങ്ങള്‍ പ്രകാരം ഒരു ഉടമ്പടി എഴുതിയുണ്ടാക്കുകയും അന്‍പത് രാജ്യങ്ങളുടെ പ്രതിനിധികള്‍ അതില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. അങ്ങനെ 1945 ഒക്‌ടോബര്‍ 24-ന് ആര്‍ട്ടിക്കിള്‍ 111 യു.എന്‍. ചാര്‍ട്ടര്‍ പ്രകാരം ഐക്യരാഷ്ട്ര സഭ രൂപീകൃതമായി. 1945 ഒകിടോബര്‍ 30-ാം തിയത് ഇന്ത്യയും ഐക്യരാഷ്ട്ര സംഘടനയില്‍ ഓദ്യോഗികമായി അംഗമായി ചേര്‍ന്നു. 1946 ജനുവരി 10-ാം തീയതി ലണ്ടന്‍ വെസ്റ്റ് മിനിസ്റ്റര്‍ സെന്റര്‍ ഹാളില്‍ വച്ചു ഐക്യരാഷ്ട്രസഭയുടെ ആദ്യത്തെ പൊതു സമ്മേളനം നടന്നു. അന്‍പത്തിയൊന്ന് രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ ഇതില്‍ പങ്കെടുത്തു. എല്ലാ വര്‍ഷവും സെപ്തംബര്‍ മാസത്തിലാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം നടക്കുന്നത്. അംഗരാജ്യങ്ങളില്‍ നിന്നുള്ള അഞ്ചു പ്രതിനിധികള്‍ക്ക് വരെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയും.
ഇതിനിടയില്‍ രക്ഷാസമിതിയലെ സ്ഥിരാംഗങ്ങളായി ഏതെല്ലാം രാജ്യങ്ങളെ ഉള്‍പ്പെടുത്തണമെന്ന് ധാരണയിലെത്താനാവാതെ നിരവധി ചര്‍ച്ചകള്‍ വഴിമുട്ടി നിന്നു. ഒടുവില്‍ അമേരിക്ക, റഷ്യ ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നീ അഞ്ചുരാജ്യങ്ങളെ സ്ഥിരാംഗങ്ങളായി ഉള്‍പ്പെടുത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. സമാധാനം ആഗ്രഹിക്കുന്ന പരമാധികാര രാഷ്ട്രങ്ങളുള്‍ക്കൊള്ളുന്ന ഒരു പൊതുസഭയും, അഞ്ച് സ്ഥിരാംഗങ്ങളും ആറ് താല്‍ക്കാലികാംഗങ്ങള്‍പ്പെടെ പതിനൊന്ന് അംഗങ്ങളുള്ള രക്ഷാസമിതിയുമായിട്ടായിരുന്നു ഐക്യരാഷ്ട്രസഭയുടെ തുടക്കം. ഇന്ന് പതിനഞ്ച് അംഗങ്ങളാണ് രക്ഷാ സമിതിയിലുള്ളത്. അഞ്ച് സ്ഥിരാംഗങ്ങളും, പത്ത് താല്‍ക്കാലിക അംഗങ്ങളും. രണ്ട് വര്‍ഷമാണ് താല്‍ക്കാലിക അംഗങ്ങളുടെ കാലാവധി. ഓരോ ഈ രണ്ടു വര്‍ഷം കഴിയുമ്പോഴും ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ വച്ച് അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ താല്‍ക്കാലിക അംഗങ്ങളെ തെരഞ്ഞെടുക്കുന്നു. താല്‍ക്കാലിക അംഗങ്ങളെന്നത് ഒരു ആലങ്കാരിക പദവി മാത്രമാണ്. ഐക്യരാഷ്ട്രസഭ എടുക്കുന്ന തീരുമാനങ്ങളില്‍ ഇവര്‍ക്ക് യാതൊരു സ്വാധീനവുമുണ്ടായിരിക്കില്ലെന്ന് മാത്രമല്ല രക്ഷാസമിതിയിലെ ഭൂരിപക്ഷ അംഗങ്ങളും ഒരു പ്രമേയത്തെ അനുകൂലിച്ചാലും വീറ്റോ അധികാരമുള്ള സ്ഥിരാംഗങ്ങളില്‍ ഒരാള്‍ എതിര്‍ത്താല്‍ ആ പ്രമേയം പാസാക്കാനുമാവില്ല. സ്ഥിരാംഗങ്ങള്‍ക്ക് മാത്രമാണ് വീറ്റോ അധികാരമുള്ളത്. ഈ വീറ്റോ അധീകാരത്തിലൂടെ സ്ഥിരാംഗങ്ങള്‍ അവരുടെ മേല്‍ക്കോയ്മ നിലനിര്‍ത്തുന്നു.
രക്ഷാസമിതിയിലെ അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നാവശ്യം ശക്തമായപ്പോള്‍ 1963-ല്‍ കൂടിയ പൊതുസമ്മേളനതതില്‍ സ്ഥിരാംഗത്വം നല്‍കാതെ നാല് താല്‍ക്കാലിക അംഗങ്ങളെ കൂടി ചേര്‍ത്തു. സ്ഥിരാംഗങ്ങളുടെ എണ്ണം കൂട്ടുന്നതിനെ വീറ്റോ രാജ്യങ്ങള്‍ എതിര്‍ക്കുന്നു. 1963-ല്‍ പാസാക്കിയ നിയമം 1965-ല്‍ പ്രാബല്യത്തില്‍ വന്നെങ്കിലും 1966 മുതലാണ് രക്ഷാസമിതിയില്‍ അഞ്ചു സ്ഥിരാംഗങ്ങള്‍ക്ക് പുറമെ പത്തു താല്‍ക്കാലികാംഗങ്ങള്‍ കൂടി ചേര്‍ന്നത്. താല്‍ക്കാലിക അംഗങ്ങളില്‍ പടിഞ്ഞാറന്‍ യൂറോപ്യന്‍ ചേരിയില്‍ നിന്ന് രണ്ടുപേര്‍, കിഴക്കന്‍ യുറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് ഒരാള്‍, ലാറ്റിന്‍ അമേരിക്കയെ പ്രതിനിധീകരിച്ച് രണ്ടുപേര്‍, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് രണ്ടു പേര്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് മൂന്ന് പേര്‍ എന്നീ ക്രമത്തിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഐക്യരാഷ്ട്രസഭയുടെ ഭരണനിര്‍വ്വഹണം സെക്രട്ടറി ജനറല്‍ നിയന്ത്രിക്കുന്ന സെക്രട്ടറിയേറ്റിലാണ് നിക്ഷിപ്തമായിരിക്കുന്നത്. രാജ്യാന്തരതലങ്ങളില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകുമ്പോള്‍ അതില്‍ ഇടപെടുവാനുള്ള അധികാരം രക്ഷാസമിതിക്കു മാത്രമാണുള്ളത്. തര്‍ക്കപരിഹാരത്തിന് രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളുടെ ഐക്യകണ്‌ഠേനയുള്ള തീരുമാനമുണ്ടായിരിക്കുകയും വേണം. കോടീശ്വരനായ ജോണ്‍ ഡി റോക്കി ഫെല്ലര്‍ സംഭാവനയായി നല്‍കിയ ന്യൂയോര്‍ക്കിലെ മാന്‍ഹാറ്റനിലെ പതിനേഴ് ഏക്കര്‍ സ്ഥലത്താണ് ഇതിന്റെ ആസ്ഥാനം. 193 രാജ്യങ്ങള്‍ ഇതിലെ അംഗങ്ങളാണ്. 1945-ന് ശേഷമാണ് 143 രാജ്യങ്ങള്‍ കൂടി ഐക്യരാഷ്ട്രസഭയില്‍ ചേര്‍ന്നത്.
പക്ഷപാതപരമായ നിലപാടുകളാണ് യു.എന്‍. സുരക്ഷസമതിയുടേത്. വീറ്റോ അധികാരമുള്ള രാജ്യങ്ങള്‍ അവരുടേയും അവരുടെ സഖ്യകക്ഷികളുടേയും താല്‍പര്യങ്ങള്‍ മാത്രമാണ് സംരക്ഷിച്ച് കൊണ്ടിരിക്കുന്നത്. ഈ അഞ്ചു സ്ഥിരം അംഗങ്ങള്‍ വിചാരിച്ചാല്‍ എന്തും നടപ്പിലാക്കാം എന്നതാണ് അവസ്ഥ. ലോകത്തെ ഭൂരിപക്ഷം രാജ്യങ്ങള്‍ അംഗീകരിച്ചാലും ഏതു നിയമവും വീറ്റോ അധികാരമുള്ള ഈ രാജ്യങ്ങള്‍ക്ക് യു.എന്നിലിരുന്ന് നിര്‍വീര്യമാക്കാന്‍ പറ്റും. 1990-നു ശേഷം ഇതുവരെ അമേരിക്ക പതിനാറു പ്രാവശ്യവുംം, റഷ്യ പതിനേഴ് പ്രാവശ്യവും രക്ഷാസമിതിയില്‍ വീറ്റോ അധികാരം ഉപയോഗിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇതെല്ലാം ആ രാജ്യങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. യു.എന്‍. രക്ഷാസമിതിയെക്കുറിച്ച് മുന്‍ യു.എന്‍. ജനറന്‍ സെക്രട്ടറിയായിരുന്ന കോഫി അന്നന്‍ പറഞ്ഞത് ഇനിയും രക്ഷാസമിതി വിപുലീകരിക്കാതെ മുന്നോട്ടു പോയാല്‍ ലോകം അപകടകരമായ അവസ്ഥയിലേക്കു നീങ്ങുമെന്നാണ്.
ഐക്യരാഷ്ട്ര സഭക്ക് ഇന്ത്യയുമായി അതിന്റെ തുടക്കം മുതല്‍ തന്നെ നല്ല ബന്ധമാണുള്ളത്. ചേരിചേരാ പ്രസ്ഥാനത്തിന്റെ തുടക്കക്കാരനെന്ന നിലയില്‍ വന്‍ ശക്തികളോടുള്ള ഇന്ത്യയുടെ സമീപനം നിഷ്പക്ഷവും സുതാര്യവുമായിരുന്നു. ഇന്ത്യയുടെ ഈ നിലപാടും ഐക്യരാഷ്ട്ര സംഘടനയുടെ വിജയകരമായ പ്രവര്‍ത്തനത്തിനു സഹായകരമായി. ആഗോളതലത്തിലുള്ള വിമോചന പ്രസ്ഥാനങ്ങള്‍ക്കും, മനുഷ്യവകാശ സംരക്ഷകര്‍ക്കും ഇന്ത്യ നിര്‍ലോഭം പിന്തുണ നല്‍കി. പാലസ്തീന്‍, നമീബിയ, ദക്ഷിണാഫ്രിക്ക, ഘാന, അള്‍ജീറിയ, ടുണീഷ്യ, മൊറോക്കോ, ഇന്തോനേഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലെ വിമോചന പ്രസ്ഥാനങ്ങള്‍ക്കും ഇന്ത്യ നല്‍കിയ പിന്തുണ ഐക്യരാഷ്ട്രസംഘടനയുടെ പ്രവര്‍ത്തനങ്ങല്‍ക്കും ആക്കം വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്നും യു.എന്നിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സമാധാനസേനയിലേക്ക് ഏറ്റവും കൂടുതല്‍ സൈനികരെ നല്‍കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യക്കു ഇതുവരെ രക്ഷാസമിതിയില്‍ സ്ഥിരം അംഗത്വം നല്‍കിയിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യക്കു രക്ഷാസമിതിയില്‍ സ്ഥിരാംഗം ആകുന്നതിനുള്ള എല്ലാ യോഗ്യതകളുണ്ടായിട്ടും സ്ഥിരം അംഗം ആക്കാതെ ഇന്ത്യെ മാറ്റി നിര്‍ത്തിയിരിക്കുന്നതു അനീതിയും നീതികരണമില്ലാത്തതുമാണ്. ചില രാജ്യങ്ങളുടെ ഇന്ത്യയോടുള്ള എതിര്‍പ്പും പിടിവാശിയാണ് ഇതിന്റെ പിന്നിലുള്ളതെന്ന് നമുക്കറിയാം. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യ ലോക സാമ്പത്തിക ശക്തിയായി അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്നു. ന്യൂക്ലിയര്‍ ആയുധങ്ങള്‍ (NWS) കൈവശമുള്ള രാജ്യമാണ്. ലോകജനസംഖ്യയുടെ ആറില്‍ ഒന്ന് ജനങ്ങള്‍ വസിക്കുന്ന ഭാരതം ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്താണ്. നൂറിലധികം ഭാഷകളും, ആയിരത്തിലധികം വ്യത്യസ്ത വിഭാഗങ്ങളുള്ള ജനങ്ങള്‍ പരസ്പര സൗഹൃദത്തോടെ കഴിയുന്ന ഒരു രാജ്യം ഇന്ന് ലോകത്ത് ഇന്ത്യയെ അല്ലാതെ മറ്റൊരു രാജ്യത്തെ ചൂണ്ടികാണിക്കാനാവില്ല.
1950-ലും 1955-ലും രക്ഷാസമിതിയില്‍ സ്ഥിരാംഗമാകുന്നതിനായി യഥാക്രമം സോവിയറ്റ് യൂണിയനും, അമേരിക്കയും ഇന്ത്യയെ ക്ഷണിചെങ്കിലും ചൈനയെ ഉയര്‍ത്തിപിടിച്ചു. ഇന്ത്യ അതു നിഷേധിക്കുകയായിരുന്നു. ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ അബദ്ധമായ് ഇന്നു നാം ആ തീരുമാനത്തെ കാണുന്നു. ചൈനയോടുള്ള അമിതമായ പ്രതിപത്തിയില്‍ ഇന്ത്യ സ്ഥിരാംഗത്വം നിഷേധിച്ച് ചൈനയെ സ്ഥിരാംഗമായി നിലനിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പില്‍ക്കാലത്ത് ഇന്ത്യക്ക് അതിനു വലിയ വില നല്‍കേണ്ടി വന്നുവെന്നതാണ് യാഥാര്‍ഥ്യം.
ചൈനക്കു ഐക്യരാഷ്ട്രസഭയില്‍ അംഗത്വം നല്‍കിയാല്‍ മതിയെന്നായിരുന്നു അമേരിക്കയുടെ നിലപാട്. രക്ഷാസമിതിയില്‍ സ്ഥിരാംഗമായി ചൈനയെയല്ല ഇന്ത്യയെ ഉള്‍പ്പെടുത്തുവാനാണു അമേരിക്ക ആഗ്രഹിച്ചിരുന്നത്. വിരോധഭാസമെന്നു പറയട്ടെ ഈ ആശയത്തെ ഇന്ത്യ എതിര്‍ക്കുകയാണ് ചെയ്തത്. ചൈന രക്ഷാസമിതിയില്‍ സ്ഥാരംഗമായി തുടരുന്നതില്‍ അമേരിക്ക താല്‍പര്യം കാണിക്കാത്തതിനാല്‍ ചൈനക്കു പകരം ഇന്ത്യയെ രക്ഷാസമിതിയില്‍ സ്ഥിരാംഗമാക്കിയാല്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകുമെന്നു ഇന്ത്യ ഭയപ്പെട്ടു. ഇന്ത്യ-ചൈന ഭായിഭായി പറഞ്ഞിരുന്ന ഇന്ത്യക്കു അന്നു അങ്ങനെ ചിന്തിക്കുവാനേ കഴിയുമായിരുന്നുള്ളു. അതുെകൊണ്ടാണ് സ്ഥിരാംഗത്വം ചൈനക്കാണ് ആദ്യം നല്‍കേണ്ടതെന്ന് ഇന്ത്യ ആവശ്യപ്പെട്ടത്.
ഇന്ന് യു.എന്‍. രക്ഷാസമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ ഏറ്റവും ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുന്ന രാജ്യം ചൈനയാണ്. 1954-ല്‍ ഇന്ത്യയും ചൈനയും തമ്മില്‍ സൗഹൃദത്തിന്റേയും, സമാധാനത്തിന്റേയും പഞ്ചശീലകരാറില്‍ ഒപ്പിട്ടെങ്കിലും എങ്ങനെയങ്കിലും ലോകനേത്യത്വം നേടുകയെന്ന ലക്ഷ്യത്തോടെയാണ് ചൈന മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. 1949-ലെ ചൈനീസ് വിപ്ലവത്തിന് ശേഷം റിപ്പബ്ലിക്ക് ഓഫ് ചൈന എന്നത് പീപ്പിള്‍സ് റിപ്പബ്ലിക്ക് ഓഫ് ചൈന എന്നാക്കിയത് ലോകരാജ്യങ്ങള്‍ അംഗീകരിക്കാതെ വന്നപ്പോഴും ഇന്ത്യ ചൈനക്കു വേണ്ടി മുന്‍പന്തിയിലുണ്ടായിരുന്നു. ലോക രാജ്യങ്ങള്‍ ചൈനയെ അംഗീകരിക്കാന്‍ മടിച്ചു നിന്നപ്പോള്‍ മാവോയുടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന ആദ്യം അംഗീകരിച്ച രാജ്യം ഇന്ത്യയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിനെ പാശ്ചാത്യ സാമ്രാജ്യത്തിന്റെ വക്താവും, പിണിയാളുമാണെന്നാണ് മാവോ വിശേഷിപ്പിച്ചിരുന്നതും. എന്നിട്ടും ചൈനക്ക് രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കാനായി ഇന്ത്യ പൊരുതി. കൊറിയല്‍ യുദ്ധത്തിലും ഫോര്‍മോസയുടെ മേലുള്ള ചൈനീസ് അവകാശത്തേയും തായ്‌വാന്റെ മേലുള്ള ചൈനയുടെ അവകാശ വാദത്തിലും ഭാരതം ചൈനയെ പിന്തുണച്ചു അവര്‍ക്കൊപ്പം നിന്നു. ചൈനയുടം സ്ഥിരാംഗത്വം നഷ്ടമാകാതെ 1971-ല്‍ സ്ഥിരാംഗത്വം വീണ്ടെടുക്കാനായതു ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുടെ സമ്മര്‍ദ്ദഫലകൊണ്ടായിരുന്നു. അങ്ങളെ റിപ്പബ്ലിക്ക് ഓഫ് ചൈനയെ 1971-ല്‍ വോട്ടിങ്ങിലൂടെ പുറത്താക്കി കമ്മ്യൂണിസ്റ്റ് ചൈന രക്ഷാസമിതിയില്‍ അംഗത്വം നേടി.
നമ്മള്‍ ഇന്ത്യ-ചൈന ഭായി ഭായി പറഞ്ഞിരിക്കുമ്പോഴാണ്. പഞ്ചശീല തത്വങ്ങളെയെല്ലാം കാറ്റില്‍ പരത്തി 1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ചു ഇന്ത്യയുടെ 38,000 ചതുരശ്ര കീലോമീറ്റര്‍ ഭൂപ്രദേശം കൈക്കലാക്കിയത്. അപ്പോഴാണ് ചൈനീസ് ചതിയെ നാം തിരിച്ചറിയുന്നത്. ഇപ്പോഴും നമ്മുടെ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കുവാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ചൈനയുടെ കൗശലങ്ങളം മനസിലാക്കുന്നതില്‍ നമുക്കു പലപ്പോഴും പാളിച്ചകള്‍ സംഭവിക്കുന്നു. മറ്റു രാഷ്ട്രങ്ങളെ കെണിയില്‍പ്പെടുത്തി തങ്ങളുടെ വരുതിയിലാക്കുന്ന രീതിയാണ് ചൈന എന്നും തുടര്‍ന്നു പോന്നീട്ടുള്ളത്. ഇന്നും അതുതന്നെയാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ബെല്‍റ്റ് റോഡ് പദ്ധതിയെല്ലാം ഇതിനുദാഹരണാണ്. ഇന്നു ചൈനയുടെ തന്ത്രങ്ങളേയും, ചതിപ്രയോഗങ്ങളേയും മുന്‍കാല ഘട്ടങ്ങളേക്കാള്‍ വേഗത്തില്‍ നമുക്കു മനസിലാക്കാന്‍ കഴിയുന്നതും അതിനെതിരെ പ്രതികരിക്കാന്‍ കഴിയുന്നതും ശുഭോതര്‍ക്കമാണ്. യുദ്ധം ഒന്നിനും പരിഹാരമാര്‍ഗ്ഗമല്ല. യുദ്ധം രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും, സാമ്പത്തിക ക്ഷയത്തിലേക്കും നയിക്കുകയുള്ളു.
1945-ല്‍ ഐക്യരാഷ്ട്ര സഭ നിലവില്‍ വന്ന കാലഘട്ടത്തില്‍ നിന്നു ലോകം ഒരുപാടു മാറി, ഭൂമി ശാസ്ത്രപരമായും, സാമ്പത്തികമായും, രാഷ്ട്രീയ, സാമൂഹ്യ വീക്ഷണങ്ങളിലും മാറ്റങ്ങള്‍ വന്നു. മാറിയ ലോകക്രമത്തില്‍ ആ മാറ്റങ്ങള്‍ ഐക്യരാഷ്ട്രസഭയും ഉള്‍ക്കൊണ്ടു കൊണ്ടു, നിലവിലുള്ള രക്ഷാസമിതി വിപുലീകരിക്കാതെ ഇന്നത്തെ ലോകത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവില്ല. ഐക്യരാഷ്ട്ര സംഘടനയും, അനുബന്ധപ്രസ്ഥാനങ്ങളും പരിഷ്‌ക്കരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഇന്ത്യ എഴുപതുകള്‍ മുതല്‍ ഈ ആവശ്യം ഉന്നയിച്ചുകൊണ്ടിരിക്കുന്നതാണ്. ഈ യഥാര്‍ഥ്യം തിരിച്ചറിയാതെ ഐക്യരാഷ്ട്ര സഭ ചില സമ്പന്നരാജ്യങ്ങളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുന്നതു കൊണ്ട് ലോകത്തിന് എന്തു സമാധാനമാണ് നല്‍കാനാകുക. ഐക്യരാഷ്ട്ര സഭയുടം തുടക്കം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയുടെ ന്യായമായ ആവശ്യം വീറ്റോപവറുള്ള രാജ്യങ്ങളുടെ സമ്മര്‍ദ്ദത്തില്‍ തള്ളപ്പെടുന്നു. ഇതു കടുത്ത അന്യായവും മനുഷത്വരഹിതവുമാണ്.
മുന്‍പ് സൂചിപ്പിച്ചതുപോലെ വളരെ സജീവമായി യു.എന്നിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യ ഇടപെടുന്നുണ്ടെങ്കിലും മറ്റു രാജ്യങ്ങളില്‍ നിന്ന് നാം ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ നേടാനാവുന്നില്ല. പത്തൊന്‍പതു പ്രാവശ്യം രക്ഷാസമിതിയിലെ താല്‍ക്കാലിക അംഗത്വത്തിനായി ഇന്ത്യ മല്‍സരിച്ചിരുന്നെങ്കിലും എട്ടു പ്രാവശ്യമേ വിജയിക്കാനായുള്ളു. ഇതിന്റെ പ്രധാനകാരണം ചൈന പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളും അവരുടെ പക്ഷം ചേര്‍ന്നു നില്‍ക്കുന്ന രാജ്യങ്ങള്‍ എതിര്‍ക്കുന്നതു കൊണ്ടാണ്. ഈ വര്‍ഷം ഇന്ത്യയെ 2021-22 വര്‍ഷത്തിലേക്കു വീണ്ടും തെരഞ്ഞെടുത്തു. 193 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളില്‍ 184 രാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കു ലഭിച്ചു. 2010 നു ശേഷം ഇത്രയും ഭൂരിപക്ഷത്തോടെ രക്ഷാസമിതിയിലേക്കു ഇന്ത്യയെ തെരഞ്ഞെടുക്കുന്നത് ആദ്യമായാണ്. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലപാടുകള്‍ക്കുള്ള അംഗീകാരം വര്‍ധിക്കുന്നതായാണ് ഇതു നല്‍കുന്ന സൂചന.
ഇന്ത്യ നേതൃനിരയിലുണ്ടായിരുന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ പ്രസക്തി ഇന്നു നഷ്ടപ്പെട്ടു. ആഗോളതലത്തില്‍ രാഷ്ട്രങ്ങള്‍ തമ്മില്‍ പുതിയ പുതിയ കൂട്ടുകെട്ടുകളുണ്ടാക്കി കൊണ്ടിരിക്കുന്നു. മാറ്റിയ കാലത്തിനനുസൃതമായി നമ്മുടെ വിദേശനയത്തിലും കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണം. യുദ്ധങ്ങളും സംഘര്‍ഷങ്ങളുമായി മൂന്ന് പതിറ്റാണ്ടോളം കഴിഞ്ഞിരുന്ന ഇസ്രായേലും ഈജിപ്തും അറബ് ലോകത്തെ സ്തംഭിപ്പിച്ചുകൊണ്ടാണ് 1978-79-ല്‍ സൗഹൃദ ഉടമ്പടിയില്‍ ഒപ്പു വെച്ചത്. പശ്ചിമേഷ്യന്‍ സമവാക്യങ്ങള്‍ മാറ്റി മറിച്ചാണ് ഏഴ് പതിറ്റാണ്ടിലേറെ പരസ്പരം കലഹിച്ചിരുന്ന യു.എ.ഇ.യും ഇസ്രായേലുമായിട്ടുള്ള ബന്ധം അടുത്തകാലത്ത് പുനസ്ഥാപിച്ചത്.
ഐക്യരാഷ്ട്ര സഭയില്‍ കലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരണമെന്നു വളരെ ശക്തമായി ആവശ്യപ്പടുന്ന രാജ്യങ്ങളാണു ജി 4 രാജ്യങ്ങള്‍. ഇന്ത്യ, ജപ്പാന്‍, ബ്രസീല്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍പെടുന്നതാണു ഈ രാജ്യങ്ങള്‍. ഈ രാജ്യങ്ങളുമായി ചേര്‍ന്ന ഐക്യ രാഷ്ട്ര സഭയില്‍ കാലോചിതമായ മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ ഇന്ത്യ ശ്രമിക്കണം. യു.എന്നിന്റെ 60-ാം വാര്‍ഷികത്തില്‍, 2005- ല്‍ ജര്‍മനി യു.എന്നില്‍ കൊണ്ടുവന്ന ഭേദഗതിനിയമത്തില്‍ രക്ഷാസമിതിയില്‍ ഇന്ത്യ, ജപ്പാന്‍, ബ്രസീല്‍, ജര്‍മനി എന്നീ രാജ്യങ്ങളെ സ്ഥിരാംഗങ്ങളായി ഉള്‍പെടുത്തണമെന്നാവശ്യപ്പെട്ടെങ്കിലും വീറ്റോ പവറുള്ള രാജ്യങ്ങളുടെ എതിര്‍പ്പുമൂലം നിയമഭേദഗതി വരുത്തുവാനാവശ്യമായ പിന്തുണ നേടുവാന്‍ ഈ രാജ്യങ്ങള്‍ക്കു കഴിഞ്ഞില്ല. 70-ാം വാര്‍ഷികത്തിലും G4 രാജ്യങ്ങള്‍ ഭേദഗതിനിയമം കൊണ്ടുവന്നെങ്കിലും വീറ്റോ രാജ്യങ്ങളുടെ സമ്മര്‍ദംമൂലം നിയമം പാസാക്കാനായില്ല.
ഐക്യരാഷ്ട്ര സഭ ഇന്നു അതിന്റെ അസ്ഥിത്വ പ്രസിസദ്ധി നേരിട്ടു കൊണ്ടിരിക്കുന്നു. യു.എന്നിലെ ആയിരകണക്കിനുള്ള ജോലിക്കാരുടെ ശമ്പളം മുടങ്ങാതെ നല്‍കുവാനാകുമോയെന്ന ആശങ്കയിലൂടെയാണ് കടന്നുപോകുന്നത്. അമേരിക്കയില്‍ നിന്ന് യു. എന്നിന് കിട്ടാനുള്ള ബജറ്റ് വിഹിതം കിട്ടാത്തതാണ് ഇതിന് കാരണമെന്ന് പറയപെടുന്നു. കടുത്ത വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയും, അത്യാവശ്യമല്ലാത്ത സെമിനാറുകള്‍ മാറ്റിവച്ചും പ്രതിസദ്ധി തരണം ചെയ്യുവാനാണ് യു.എന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതു. ഇങ്ങനെ യൊരവസ്ഥയില്‍ ഐക്യ രാഷ്ട്ര സഭക്കു G4 രാജ്യങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാനാവില്ല. G4 രാജ്യങ്ങള്‍ യു.എന്നില്‍ നിന്നു മാറിനിന്നാല്‍ നിലനില്‍പ്പു തന്നെ അപകടത്തിലാകും. രാജ്യാന്തര ഉടമ്പടികളുടെ സാധുത അംഗ രാജ്യങ്ങള്‍ അംഗീകരിക്കാതിരുന്നാല്‍ ബഹുരാഷ്ട്ര സഹവര്‍ത്തിത്വം അപകടത്തിലാകും. പണമില്ലാതെ യു.എന്നിന്റെ സമാധാനപദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ ബുധിമുട്ടാകുമെന്നാണ് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അടുത്തകാലത്ത് പറഞ്ഞത്.
ഐക്യരാഷ്ട്ര സഭയുടെ ചിലവിന്റെ 19.75% നിര്‍വ്വഹിക്കുന്നത് G4 രാജ്യങ്ങളാണ്. ജപ്പാന്‍ (9.68%) ജര്‍മ്മിനി (6.39%), ബ്രസീല്‍ (2.94%), ഇന്ത്യ (0.74%). ചിലവിന്റെ 22 ശതമാനത്തോളം അമേരിക്കയാണ് വഹിക്കുന്നത്. ഓരോ രാജ്യത്തിന്റെയും ദേശീയ വരുമാനം കണക്കാക്കിയാണു ആ രാജ്യത്തിന്റെ യു.എന്നിലേക്കുള്ള വിഹിതം നിശ്ചയിച്ചിരിക്കുന്നത്. ലോക ജനസംഖ്യയില്‍ 1.1 ശതമാനം മാത്രം ജനങ്ങള്‍ വസിക്കുന്ന ജര്‍മനിയാണ് ഇന്നു ഐക്യരാഷ്ട്ര സഭയുടെ പൊതു ബഡ്ജറ്റിന്റെ 6.39% വഹിക്കുന്നതും. (187 Million Dollar) 18.09.1973 മുതല്‍ യു.എന്നില്‍ അംഗമായ ജര്‍മനി ഐക്യരാഷ്ട്ര സഭയുടെ എല്ലാ ഉപഘടകങ്ങളിലും വളരെ സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന രാജ്യമാണ്. അമേരിക്കന്‍ ചേരിയില്‍ നിലയുറപ്പിച്ചകാലം മുതല്‍ പടിഞ്ഞാറന്‍ ജര്‍മനി യു.എന്നില്‍ ചേരാന്‍ ശ്രമിച്ചിരുന്നെങ്കിലും റഷ്യയുടെ എതിര്‍പ്പുമൂലം അംഗത്വംനേടുവാന്‍ കഴിഞ്ഞിരുന്നില്ല. എങ്കിലും 1950 മുതല്‍ യു.എന്നിന്റെ കീഴിലുള്ള WHO, UNESO എന്നിവയില്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. 1952 മുതല്‍ 1973 വരെ യു.എ യില്‍ പ്രത്യേക ക്ഷണിതാവായിട്ടാണു ജര്‍മനി പങ്കെടുത്തത്. യൂറോപ്യന്‍ യൂണിയനുള്ള രാജ്യങ്ങളാണു യു.എന്നിന്റെ സാമ്പത്തിക ബഡ്ജറ്റില്‍ 39% വഹിക്കുന്നത്.യൂറോപ്പ്യന്‍ യൂണിയന്റെ നേതൃനിരയിലുള്ള സമ്പന്നരാജ്യമാണ് ജര്‍മനി. യു.എന്നിനു സാമ്പത്തിക സഹായം നല്‍കുന്നവരില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന ജര്‍മനി കെടുതികളനുഭവിക്കുന്ന രാജ്യങ്ങളെ സഹായിക്കുന്നതില്‍ ലോകത്തെ മറ്റേതൊരു രാജ്യത്തേക്കാളും മുന്നിലാണ്. ലോകത്തെവിടെയും ഉണ്ടാകുന്ന ദുരന്തങ്ങളില്‍ മറ്റു രാജ്യങ്ങളേക്കാള്‍ മുന്‍പ് സഹായഹസ്തങ്ങളുമായി ജര്‍മനി എത്തുന്നു. ഇന്നത്തെ ലോക സാഹചര്യങ്ങളില്‍ ജര്‍മനിയെ മാറ്റിനിര്‍ത്തി രക്ഷാസമിതി വിപുലീകരിക്കാനാവില്ല. ജപ്പാനും, ബ്രസീലും ഇതുപോലെതന്നെ രക്ഷാസമിതിയിലംഗമാകാന്‍ സര്‍വയോഗ്യതയുള്ള രാജ്യങ്ങളാണ്.
ഇന്ത്യക്കുമാത്രമായി യു.എന്നില്‍ സ്ഥിരാംഗത്വം ലഭിക്കുക എന്നതു ഇന്നു അസാധ്യമായ കാര്യമാണ്. രക്ഷാസമിതിയിലെ സ്ഥിരം അംഗങ്ങളാകുവാനായി ശ്രമിച്ചുകൊണ്ടിരിക്കുന്ന G4 രാജ്യങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് ഇന്ത്യക്ക് അഭികാമ്യമായിട്ടുള്ളത്. യു.എന്നിന്റെ പൊതു സഭയില്‍ ചാര്‍ട്ടര്‍ (ഭരണഘടന) ഭേദഗതി ചെയ്യണമെങ്കില്‍ സഭയിലെ മുന്നില്‍ രണ്ടു രാജ്യങ്ങളുടെ പിന്തുണ ആവശ്യമാണ്. അതായയതു ഇപ്പോഴത്തെ കണക്കനുസരിച്ച് 128 രാജ്യങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കില്‍ മാത്രമെ മാറ്റം വരുത്തുവാനാവുകയുള്ളൂ. ഇന്ത്യ രക്ഷാസമിതിയില്‍ സ്ഥിരം അംഗമാകുന്നതിനെ ചൈന എപ്പോഴും എതിര്‍ത്തുകൊണ്ടിരിക്കുമെന്നത് നാം വിസ്മരിക്കരുത്. ചൈനയുടെ കൗശലങ്ങളും ചതികളും ഇന്നു ലോകം മനസിലാക്കുന്നു ണ്ടെന്നതിന്റെ തെളിവാണു കൊറോണ വൈറസ് ലോകത്തു മുഴുവന്‍ വ്യാപിച്ചതില്‍ അമേരിക്കയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ചൈനയെ കുറ്റപ്പെടുത്തുന്നതും, നഷ്ടപരിഹാരം ആവശ്യപ്പെടുന്നതും. അമേരിക്കയില്‍ ഡൊണാല്‍ഡ് ട്രംപ് പ്രസിഡന്റായിരിക്കെ ചൈനക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചപോലെ തെരഞ്ഞെടുക്കപ്പെട്ട നിയുക്ത പ്രസിഡന്റ് ബൈഡന്‍ ചൈനക്കെതിരെ ശക്തമായ നടപികളെടുക്കില്ലെങ്കിലും ഇന്ത്യയെ യു.എസിന്റെ പ്രധാന പങ്കാളിയായികാണുമെന്ന് തന്നെ നമുക്കു പ്രതീക്ഷിക്കാം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ രക്ഷാസിമിതിയില്‍ സ്ഥിരം അംഗങ്ങളായി ഉള്‍പ്പെടുത്തി രക്ഷാസമിതി വിപുലീകരിച്ചാല്‍ മാത്രമേ ഐക്യരാഷ്ട്ര സഭക്കു മാറുന്ന ലോകത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവക്കുവാന്‍ കഴിയുകയുള്ളൂ. സോവിയറ്റ് യൂണിയനെ പിണക്കാതെ, ഇന്ത്യ അമേരിക്കയോടും G4 രാജ്യങ്ങളോടും ചേര്‍ന്നു കൊണ്ടു ഐക്യരാഷ്ട്ര സഭയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ഉള്‍പെടെയുള്ള G4 രാജ്യങ്ങളുടെ ദീര്‍ഘകാലമായുള്ള ആഗ്രഹം യു.എന്നിന് പൂര്‍ത്തീകരിക്കാനാകും. ഐക്യ രാഷ്ട്ര സംഘടനയുടെ 75-ാം പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതുപോലെ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ പഴയ ഘടനക്കു സാധിക്കില്ല. അതിനു കാലാനുസൃതമായ മാറ്റങ്ങള്‍ അനിവാര്യമാണ്.