കോട്ടയം: കേരള കോണ്‍ഗ്രസ് (എം) ഗ്രൂപ്പ് വഴക്ക് യുഡിഎഫിനു തലവേദനയാകുന്നു. ജോസ് വിഭാഗവും ജോസഫ് വിഭാഗവും പരസ്യ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയതോടെ മുന്നണിക്കുള്ളില്‍ പൊട്ടിത്തെറിക്ക് സാധ്യത. കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കാന്‍ ജോസ് വിഭാഗത്തോട് യുഡിഎഫ് ആവശ്യപ്പെട്ടു.
മുന്‍ ധാരണ പ്രകാരം ജോസ് വിഭാഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്നും അതിനുശേഷമാകാം മറ്റു ചര്‍ച്ചകളെന്നുമാണ് യുഡിഎഫ് നിലപാട്. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ജോസ് വിഭാഗം തയ്യാറല്ല.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. പി.ജെ.ജോസഫ് അണികളുടെ മനോവീര്യം കെടുത്തുകയാണെന്നും ജോസ് കെ.മാണി പറഞ്ഞു.
പ്രസിഡന്റ് സ്ഥാനം രാജിവയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കത്തുനല്‍കിയിട്ടുണ്ട്. ഇതിനുശേഷമാണ് ജോസ് കെ.മാണിയുടെ പ്രതികരണം. എട്ട് മാസം ജോസ് കെ.മാണി വിഭാഗത്തിനും ആറ് മാസം ജോസഫ് വിഭാഗത്തിനുമായാണ് നേരത്തെ ധാരണയുണ്ടാക്കിയത്. ധാരണ പ്രകാരമുള്ള കാര്യങ്ങള്‍ പാലിക്കാന്‍ ജോസ് കെ.മാണി വിഭാഗം ബാധ്യസ്ഥരാണെന്ന് യുഡിഎഫ് നല്‍കിയ കത്തില്‍ പറയുന്നു.
അതേസമയം, പി.ജെ.ജോസഫും കടുത്ത നിലപാടിലാണ്. ധാരണ പാലിക്കാന്‍ ജോസ് വിഭാഗം തയ്യാറാകണമെന്നും യുഡിഎഫ് ഇടപെടണമെന്നും പി.ജെ.ജോസഫ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നീതി ലഭിച്ചില്ലെങ്കില്‍ മുന്നണിയില്‍ നിന്നു വിട്ടുനില്‍ക്കുന്ന കാര്യം ആലോചിക്കുമെന്നും ജോസഫ് നേരത്തെ പറഞ്ഞിരുന്നു.



