ലണ്ടന്‍: ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്‌ലന്‍ഡ് എന്നിവിടങ്ങളില്‍ കോവിഡ് വാക്‌സിന്‍ ചൊവ്വാഴ്ച വിതരണം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫൈസറും ബയേണ്‍ടെക്കും സംയുക്തമായി വികസിപ്പിച്ച കോവിഡ് വാക്‌സിന് യുകെ അനുമതി നല്‍കിയതിന് പിന്നാലെയാണ് ബ്രിട്ടനിലെ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാനൊരുങ്ങുന്നത്. കൃത്യമായ തിയതി പുറത്ത് വിട്ടിട്ടില്ലെങ്കിലും വടക്കന്‍ അയര്‍ലന്‍ഡില്‍ ഈ ആഴ്ച ആദ്യം തന്നെ വാക്സിന്‍ നല്‍കി തുടങ്ങുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. കോവിഡ് 19 വാക്‌സിന് അനുമതി നല്‍കിയ ആദ്യ പാശ്ചാത്യ രാജ്യമാണ് യു.കെ.

ഫൈസര്‍/ബയേണ്‍ടെക് വാക്‌സിന്‍ വളരെ താഴ്ന്ന താപനിലയില്‍ സൂക്ഷിക്കണമെന്നതും മൂന്നാഴ്ചത്തെ ഇടവേളയില്‍ കുത്തിവെക്കണമെന്നതും അടക്കമുള്ള നിബന്ധനകള്‍ വാക്‌സിന്‍ വിതരണം സങ്കീര്‍ണമാക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 50 ഹോസ്പിറ്റല്‍ ഹബ്ബുകളില്‍ വാക്‌സിന്‍ എത്തിച്ചു കഴിഞ്ഞുവെന്ന് അധികൃതര്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞു. ഫൈസര്‍/ബയേണ്‍ടെക് വാക്‌സിന്റെ 40 ലക്ഷം ഡോസുകള്‍ ഡിസംബര്‍ അവസാനത്തോടെ ലഭ്യമാകുമെന്നാണ് യു.കെയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്.