ന്യൂയോര്‍ക്ക്∙ ആഫ്രിക്കന്‍-അമേരിക്കന്‍ വംശജനായ ജോര്‍ജ് ഫ്‌ളോയിഡിനെ പൊലീസുകാരൻ കാൽമുട്ട് അമർത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ അമേരിക്കയില്‍ പ്രതിഷേധം ആളിക്കത്തുകയാണ്. ബ്ലാക്ക് ലിവ്‌സ് മാറ്റര്‍ എന്ന ഹാഷ്ടാഗില്‍ സാമൂഹ്യമാധ്യമങ്ങളിലും അമേരിക്കന്‍ വംശീയ വെറിക്കെതിരെ പ്രതിഷേധം ഉയരുകയാണ്.

ഇതിന്റെ ഭാഗമായി ന്യൂയോര്‍ക്കിലെ മെറിക്കില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിഷേധക്കാര്‍ക്കൊപ്പം മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന ആഫ്രിക്കൻ അമേരിക്കന്‍ പെണ്‍കുട്ടിയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. സ്‌കോട്ട് ബ്രിന്റണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനാണ് തീഷ്ണതുള്ള മുഖത്തോടെ മുദ്രാവാക്യം വിളിക്കുന്ന പെണ്‍കുട്ടിയുടെ വിഡിയോ പകര്‍ത്തി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് വിഡിയോ സാമൂഹ്യമാധ്യമത്തില്‍ വൈറലാവുകയായിരുന്നു.

മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റിന് താഴെ പെണ്‍കുട്ടിയുടെ അമ്മ, ഇതു തന്റെ മകള്‍ വൈന്റ അമര്‍ ആണെന്നു കമന്റ് ചെയ്തു. ‘നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. ഇതെന്റെ മകള്‍ വൈന്റ അമറാണ്. നമ്മള്‍ നമ്മുടെ കുട്ടികള്‍ക്ക് നേര്‍വഴി കാണിച്ചു കൊടുക്കേണ്ടതുണ്ട്.– പെണ്‍കുട്ടിയുടെ അമ്മ കമന്റ് ചെയ്തു.