പാലക്കാട്: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ സമയത്തിൽ മാറ്റവുമായി സതേൺ റെയിൽവേ. ട്രെയിൻ നമ്പർ 16159 ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ എക്സപ്രസ് തിങ്കളാഴ്ച മുതൽ അഞ്ച് മിനിറ്റ് നേരത്തെ വിവിധ സ്റ്റേഷനുകളിലെത്തും. ലോകമാന്യതിലക് – മംഗളൂരു സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസിന്‍റെ സമയത്തിലും ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തിയിട്ടുണ്ട്.

ചെന്നൈ എഗ്മോറിൽ നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന 16159 ട്രെയിൻ തിരൂർ, താനൂർ, പരപ്പനങ്ങാടി, കടലുണ്ടി സ്റ്റേഷനുകളിൽ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്ന സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. പുതിയസമയക്രമം ജൂൺ 24 തിങ്കളാഴ്ച മുതലാണ് നിലവിൽ വരിക.

16159 ചെന്നൈ എഗ്മോർ – മംഗളൂരു സെൻട്രൽ എക്സപ്രസ് പുതുക്കിയ സമയക്രമം

സ്റ്റേഷൻനിലവിലെ സമയംപുതുക്കിയ സമയം
തിരൂർ(a/d)13:28/13:3013:23/13:24
താനൂർ(a/d)13:39/13:4013:33/13:34
പരപ്പനങ്ങാടി(a/d)13:49/13:5013:42/13:43
കടലുണ്ടി(a/d)13:59/14:0013:52/13:53
ഫറോക്ക്(a/d)14:09/14:1013:59/14:00
മറ്റുസ്റ്റേഷനുകളിൽ പതിവുപോലെയെത്തും

11:15ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് രാവിലെ 11:20നാണ് പാലക്കാട് എത്തിച്ചേരുന്നത്. തുടർന്ന് വടക്കൻ കേരളത്തിലൂടെ യാത്ര തുടരും. തിരൂറിന് മുമ്പ് കുറ്റിപ്പുറം വരെയുള്ള സമയത്തിലും ഫറോക്കിന് ശേഷം കോഴിക്കോട് എത്തിച്ചേരുന്ന സമയത്തിലും മാറ്റങ്ങളൊന്നുമില്ല. തുടർന്ന് മംഗളൂരുവിലേക്കും പതിവ് പോലെ സർവീസ് നടത്തും. കണ്ണൂർ, കാസർകോട് വഴി സർവീസ് തുടരുന്ന ട്രെയിൻ വൈകീട്ട് 7:00 മണിയ്ക്കാണ് മംഗളരു സെൻട്രൽ സ്റ്റേഷനിലെത്തിച്ചേരുക.

മത്സ്യഗന്ധ എക്സ്പ്രസ് പുതുക്കിയ സമയക്രമം

12619 ലോകമാന്യതിലക് ടെർമിനസ് – മംഗളൂര സെൻട്രൽ മത്സ്യഗന്ധ എക്സ്പ്രസ് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചേരുന്ന സമയത്തിലും തിങ്കളാഴ്ച മുതൽ മാറ്റമുണ്ട്. മൺസൂൺ കാലയളവിലേക്കാണ് സമയക്രമത്തിലെ ഈ മാറ്റം. നിലവിൽ 10:10ന് മംഗളൂരു സെൻട്രലിൽ എത്തിച്ചേരുന്ന ട്രെയിൻ ഇനിമുതൽ 10:20ന് മാത്രമേ എത്തുകയുള്ളൂ.