കോട്ടയം: മകൾ പഠിക്കുന്ന സ്കൂളിൽ പിടിഎ മീറ്റിംഗിനായി എത്തിയ യുവാവ് അമിതവേഗത്തിൽ എത്തിയ ബസ് ഇടിച്ചു മരിച്ചു. കോട്ടയം പാക്കിൽ കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ആറളം കീഴ്പ്പള്ളി ചാത്തിന്നൂർ മറ്റമുണ്ടയിൽ രാജ് മാത്യു(46) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ പാക്കിൽ കവലയിലായിരുന്നു അപകടം. ജോലി ചെയ്യുന്ന കോട്ടയം ഗാന്ധിനഗറിലെ സ്ഥാപനത്തിൽനിന്നു ഉച്ചയോടെ പാക്കിലിനു സമീപമുള്ള സ്കൂളിൽ പിടിഎ മീറ്റിംഗിനായി എത്തിയതാണ് രാജ് മാത്യു.
ഓട്ടോറിക്ഷയിൽ ഇവിടെ വന്ന അദ്ദേഹം ഇറങ്ങുന്നതിനിടെ ചങ്ങനാശേരി ഭാഗത്തേക്ക് അമിതവേഗത്തിൽ എത്തിയ സ്വകാര്യ ബസ് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ഇടിയേറ്റ് അദ്ദേഹം മീറ്ററുകളോളം ദൂരേയ്ക്കു തെറിച്ചുവീണു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ രാജ് മാത്യുവിനെ കോട്ടയം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബസ് ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പോലീസ് എത്തി ബസ് കസ്റ്റഡിയിൽ എടുത്തു.