പ്രായപൂർത്തിയാവാത്ത രണ്ട് പേർ ഉൾപ്പെടെ അഞ്ച് അംഗ സംഘം മോഷ്ടിച്ച ബൈക്കുമായി കാലടി പൊലീസിന്റെ പിടിയിൽ. പാലക്കാട് ചിറ്റൂർ സ്വദേശികളായ വിജയ്, സുബിൻ, തൃശൂർ സ്വദേശി ബിൻറ്റൊ എന്നിവരടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്.
ഇവർ മോഷ്ടിച്ച അഞ്ച് പുതുതലമുറ ബൈക്കുകളും പൊലീസ് പിടച്ചെടുത്തു. പൊലീസിന്റെ വാഹന പരിശോധനക്കിടയിലാണ് രണ്ട് ബൈക്കുകളിലായി അഞ്ച് പേർ വരുന്നത് പൊലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ബൈക്കുകൾക്ക് നമ്പർ പ്ലേറ്റില്ലായിരുന്നു.
ബൈക്ക് നിർത്താൻ പൊലീസ് കൈ കാണിച്ചെങ്കിലും പ്രതികൾ ബൈക്കുപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് ബൈക്ക് മോഷണത്തിന്റെ ചുരളഴിഞ്ഞത്.
മോഷ്ടിച്ച ബൈക്കുകളുമായി കൂട്ടത്തിലൊരാളുടെ മലയാറ്റൂരുള്ള കാമുകിയെ കാണാനെത്തിയിരുന്നു സംഘം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ബൈക്കുകളാണ് ഇവർ മോഷ്ടിച്ചിട്ടുള്ളത്.
വിറ്റുകിട്ടുന്ന പണം ലഹരി വാങ്ങി ഉപയോഗിക്കാനും ആഡംബര ജീവിതത്തിനുമാണ് സംഘം ചെലവിടുന്നത്. ഇതിലെ പ്രായപൂർത്തിയാകാത്ത ഒരാൾ വർക്ക് ഷാപ്പ് മെക്കാനിക്കാണ്. ലോക്ക് ചെയ്ത് നിർത്തിയിട്ടിരിക്കുന്ന ബൈക്ക് വിദഗ്ധമായി സ്റ്റാർട്ട് ചെയ്ത് പുറത്തെത്തിക്കുന്നത് ഇയാളാണ്. തുടർന്ന് പാലക്കാട് കുറഞ്ഞ വിലയ്ക്ക് വിൽപന നടത്തുകയുമാണ് ചെയ്യുന്നത്. ഇത് വലിയ ഒരു ശൃംഖലയാണെന്നും കൂടുതൽ പേർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. അതിനായി പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചിട്ടുണ്ട്.