പാലക്കാട് രൂപതയുടെ പ്രഥമ സഹായമെത്രാനായി മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ അഭിഷിക്തനായി. രാവിലെ പത്തരയോടെ ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രലില്‍ ആരംഭിച്ച ശുശ്രൂഷകള്‍ക്ക് പാലക്കാട് രൂപത ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്ത് നേതൃത്വം നല്‍കി. പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ഇരിങ്ങാലക്കുട ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി. ഫാ. മാത്യു ഇല്ലത്തുപറമ്പിലാണ് ആര്‍ച്ച് ഡീക്കനായിരിന്നു.

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സന്ദേശം നല്കി. രൂപതാധ്യക്ഷനോടും സഹായമെത്രാനായി അഭിഷേകം ചെയ്ത മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലിനോടും ചേര്‍ന്ന് ആദിമ സഭയുടെ കൂട്ടായ്മയില്‍ വര്‍ത്തിക്കുവാന്‍ അദ്ദേഹം പാലക്കാട് രൂപതയിലെ വിശ്വാസികളോട് ആഹ്വാനം ചെയ്തു. ലത്തീന്‍ സഭയെ പ്രതിനിധീകരിച്ച് സുല്‍ത്താന്‍പേട്ട ബിഷപ് ഡോ. പീറ്റര്‍ അബീര്‍ അന്തോണിസാമി, മലങ്കരസഭയെ പ്രതിനിധീകരിച്ച് മൂവാറ്റുപുഴ ബിഷപ്പ് യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് എന്നിവരും അഭിഷേക കര്‍മ്മത്തില്‍ സന്നിഹിതരായിരിന്നു. കോവിഡ് പശ്ചാത്തലത്തില്‍ വിശ്വാസികളുടെ പങ്കാളിത്തമില്ലാതെയാണ് ശുശ്രൂഷകള്‍ നടന്നത്.