മൊയ്തീന്‍ പുത്തന്‍‌ചിറ

ന്യൂയോര്‍ക്ക്: മൊറോക്കോയും അധിനിവേശ ഇസ്രായേൽ ഭരണകൂടവും തമ്മിലുണ്ടാക്കിയ സമാധാന കരാറില്‍ അമേരിക്ക മധ്യസ്ഥം വഹിച്ചതിന് സൗദി അറേബ്യ മുന്‍‌കൈ എടുത്തിരുന്നു എന്ന് റിപ്പോർട്ട്. പേര് പുറത്തുവിടാന്‍ ആഗ്രഹിക്കാത്ത നയതന്ത്ര സ്രോതസ്സുകളെ ഉദ്ധരിച്ച് ഇസ്രായേല്‍ ചാനലായ 12 ടിവിയാണ് വെള്ളിയാഴ്ച സൗദി അറേബ്യയുടെ പങ്കിനെക്കുറിച്ച് വെളിപ്പെടുത്തിയത്.

ടെൽ അവീവുമായുള്ള ബന്ധം ഉടൻ സാധാരണ നിലയിലാക്കാൻ സൗദി അറേബ്യ തയാറാകാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സൗദി പിന്തുണയുടെ അടയാളമായി, രാജ്യത്തിന്റെ രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു പ്രമുഖ പത്രം മൊറോക്കോ-ഇസ്രായേൽ ഉടമ്പടി അതിന്റെ ആദ്യ പേജിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നിയുക്ത യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ അടുത്ത മാസം അധികാരമേറ്റെടുക്കുന്നതിന് മുമ്പായി ഇസ്രയേൽ ഭരണകൂടവുമായി കരാർ ഒപ്പിടാൻ മറ്റ് നിരവധി രാജ്യങ്ങളെ സഹായിക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകൂടവുമായി സൗദി അറേബ്യ പ്രവർത്തിക്കുന്നുണ്ടെന്ന് ഇസ്രായേലിന്റെ ചാനൽ 13 ടിവി റിപ്പോർട്ട് ചെയ്തു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇക്കാര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നുവെന്നും, അടുത്തതായി ഒമാനും ഇന്തോനേഷ്യയും ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഒരുങ്ങുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പശ്ചിമ സഹാറയിലെ തർക്ക പ്രദേശത്തിന്മേലുള്ള റബാത്തിന്റെ പരമാധികാരം അംഗീകരിക്കാൻ വാഷിംഗ്ടൺ സമ്മതിച്ചതിനെത്തുടർന്നാണ് ഇസ്രായേൽ ഭരണകൂടവുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ മൊറോക്കോ തീരുമാനിച്ചതെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.