നിര്യാതനായ പ്രമുഖ വ്യവസായിയും പ്ലാന്ററും റബര്‍ ബോര്‍ഡ് മുന്‍ വൈസ് ചെയര്‍മാനും രാഷ്ട്രദീപിക ലിമിറ്റഡ് കന്പനിയുടെ മുന്‍ ഡയറക്ടറുമായിരുന്ന മൈക്കിള്‍ എ. കള്ളിവയലിലിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞു വിളക്കുമാടം സെന്റ് ഫ്രാന്‍സീസ് സേവ്യേഴ്സ് പള്ളിയിലായിരുന്നു സംസ്കാരം.
ഭവനത്തില്‍ നടന്ന ശുശ്രൂഷകള്‍ക്ക് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മികത്വം വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപത മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സഹകാര്‍മികനായിരുന്നു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ സന്ദേശം നല്കി. പള്ളിയിലെ ശുശ്രൂഷകള്‍ക്ക് മാര്‍ മാത്യു അറയ്ക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സഹകാര്‍മികനായിരുന്നു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം വികാരി ഫാ. ജോസഫ് പാണ്ടിയാമ്മാക്കല് വായിച്ചു. ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍, കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ എന്നിവര്‍ അനുശോചനം അറിയിച്ചു. പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ ഭവനത്തിലെത്തി പ്രാര്‍ഥനാശുശ്രൂഷ നടത്തി.
ആന്റോ ആന്റണി എംപി, തോമസ് ചാഴികാടന് എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ, വാഴൂര്‍ സോമന് എംഎല്‍എ, ജോസ് കെ. മാണി, പി.സി. ജോര്‍ജ്, എംജി യുണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ സിറിയക് തോമസ്, ജോര്‍ജ് ജെ. മാത്യു, കെ.ജെ. തോമസ്, സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്മാന് സ്റ്റാന്ലിന് പോത്തന്, റബര്‍ ബോര്‍ഡ് പ്രതിനിധികള്‍, കെഎസ്ഐഡിസി പ്രതിനിധികള്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, മുന്‍ ഡിജിപി ഹോര്‍മിസ് തകരന് എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു.
ദീപികയ്ക്കു വേണ്ടി മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ചീഫ് എഡിറ്റര്‍ ഡോ. ജോര്‍ജ് കുടിലില്‍ എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.ജെ. ജോസഫ്, പി.ടി. തോമസ് തുടങ്ങിയവരും അനുശോചനം അറിയിച്ചു.



