ഹൂസ്റ്റൺ: ടെക്സാസ് സംസ്ഥാനത്തെ പ്രമുഖ നഗരങ്ങളിലൊന്നായ മിസോറി സിറ്റിയുടെ പ്രഥമ ഇന്ത്യൻ മേയർ ആയി തെരഞ്ഞെടുക്കപ്പെട്ട് ചരിത്ര വിജയം സമ്മാനിച്ച മലയാളിയായ റോബിൻ ഇലക്കാട്ട്  മലയാളി സമൂഹത്തിന്റെ അഭിമാനമാണെന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്.

റോബിന്റെ റൺ ഓഫ് മത്സര പ്രചാരണം ആരംഭിക്കുന്ന വേളയിൽ തന്നെ ഹൂസ്റ്റണിലെ മുഴുവൻ മലയാളികളുടെയും പിന്തുണ അഭ്യർത്ഥിച്ചു കൊണ്ട് റോബിനെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ എൻഡോർസ്   ചെയ്തിരുന്നു.മിസ്സോറി സിറ്റിയിലെ മലയാളി സമൂഹം ഒറ്റക്കെട്ടായി നിന്ന് വോട്ടിങ്ങിൽ പങ്കെടുത്ത് പിന്തുണ നൽകിയതിന്റെ ഫലം കൂടിയാണ് റോബിന്റെ ചരിത്ര വിജയം.

നിലവിലുള്ള സിറ്റി മേയർക്കെതിരെ വളരെ ശക്തമായ മത്സരം കാഴ്ച്ചവെച്ചാണ് 600 ൽ പരം വോട്ടുകുളടെ ഭൂരിപക്ഷത്തിൽ റോബിൻ വിജയക്കൊടി പാറിച്ചത്. ഡാളസിലെ സണ്ണിവെയ്ൽ സിറ്റി മേയർ സജി ജോർജിന് ശേഷം മേയർ ആകുന്ന ടെക്സസിലെ രണ്ടാമത്തെ ഇന്ത്യക്കാരനും മലയാളിയുമായ റോബിൻ അമേരിക്കയിലെ മൂന്നാമത്തെ മലയാളി സിറ്റി മേയറാണ്. ടീനെക്ക് മേയറായിരുന്ന ജോൺ ഏബ്രഹാമാണ് അമേരിക്കയിലെ മലയാളിയായ പ്രഥമ മേയർ.

മൂന്നു പ്രാവശ്യം സിറ്റി കൗൺസിൽ അംഗവും ഒരു തവണ പ്രോട്ടേം മേയറുമായി അനുഭവ പരിചയം ഉള്ള റോബിന്റെ പ്രവർത്തന പരിചയവും അനുഭവസമ്പത്തും സിറ്റിയുടെ വളർച്ചക്ക് മുതൽക്കൂട്ടായി മാറുമെന്നും ഹൂസ്റ്റണിലെ മലയാളി സമൂഹത്തിന്റെ എല്ലാ പിന്തുണയും പുതിയ മേയർക്ക് ഉണ്ടായിരിക്കുമെന്നും ഭാവുകങ്ങൾ നേർന്നു കൊണ്ട് ഐഒസി ഭാരവാഹികൾ അറിയിച്ചു.

ഐഓസി കേരള ചാപ്റ്റർ ദേശീയ വൈസ് പ്രസിഡണ്ട് ബേബി മണക്കുന്നേൽ, ഐഓസി കേരളയുടെ  ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് എബ്രഹാം,
പ്രസിഡണ്ട് തോമസ് ഒലിയാംകുന്നേൽ, വൈസ് പ്രസിഡന്റ് പൊന്നു പിള്ള, ജനറൽ സെക്രട്ടറി വാവച്ചൻ മത്തായി, ട്രഷറർ ഏബ്രഹാം തോമസ് തുടങ്ങിയവർ അഭിനന്ദനം അറിയിച്ചു.

നൂതന പദ്ധതികൾ ആവിഷ്ക്കരിച്ചു കൊണ്ട് മിസോറി സിറ്റിയെ ഒരു മാതൃക നഗരമാക്കാൻ റോബിന് കഴിയട്ടെയെന്നും കൂടുതൽ മലയാളികൾ അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനും തദ്ദേശ തെരഞ്ഞെടുപ്പുകളുൾപ്പെടെയുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിയ്ക്കുന്നതിനും വിജയം വരിക്കുന്നതിനും കഴി യട്ടെയെന്നും ആശംസകൾ നേർന്നുകൊണ്ട്  ഐഒസി ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ, സീനിയർ വൈസ് പ്രസിഡന്റുമാരായ പി.പി. ചെറിയാൻ,  ഹരി നമ്പൂതിരി, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സൈമൺ വളാച്ചേരിൽ മറ്റു ഭാരവാഹികളായ  രാജൻ മാത്യു, സ്റ്റീഫൻ മാറ്റത്തിൽ, ഷിബു ശാമുവേൽ, സജി ജോർജ്, തോമസ് ചെള്ളേത്ത്  എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി