ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ വെക്കുന്നത് ചോദ്യം ചെയ്ത് മകള്‍ ഇല്‍തിജാ മുഫ്തി നല്‍കിയ ഹരജിയില്‍ ജമ്മുകശ്മീര്‍ ഭരണകൂടം മറുപടി നല്‍കണമെന്ന് സുപ്രീംകോടതി. ഇല്‍തിജയുടെ ഹരജിയില്‍ അധികാരികള്‍ വിശദീകരണം നല്‍കണമെന്നും ജസ്റ്റിസുമാരായ എസ്.കെ കൗള്‍, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.
ഇല്‍തിജക്കും അമ്മാവനും മെഹബൂബയെ സന്ദര്‍ശിക്കാനും സുപ്രീംകോടതി അനുമതി നല്‍കി. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന് മെഹബൂബ മുഫ്തിക്ക് അധികാരികളോട് അഭ്യര്‍ഥിക്കാവുന്നതാണെന്നും കോടതി അറിയിച്ചു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് പിന്നാലെ 2019 ആഗസ്റ്റ് അഞ്ചിനാണ് മെഹബൂബ മുഫ്തിയെ പൊതുസുരക്ഷാ നിയമപ്രകാരം വീട്ടുതടങ്കലിലാക്കിയത്.