തിരുവനന്തപുരം : മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നഴ്‌സ് ഉള്‍പ്പെടെ പത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.രോഗിയെ പരിചരിച്ചതില്‍ വീഴ്ച വരുത്തിയെന്ന് കാണിച്ചാണ് നടപടി. ഇവര്‍ നല്‍കുന്ന മറുപടിയുടെ അടിസ്ഥാനത്തില്‍ നടപടി ഉണ്ടാകും.

തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് സംഭവം നടന്നത്. കഴുത്തിന് താഴേയ്ക്ക് തളര്‍ന്ന വട്ടിയൂര്‍ക്കാവ് സ്വദേശി അനില്‍കുമാറിനായിരുന്നു ദുരനുഭവം ഉണ്ടായത്. ഓഗസ്റ്റ് 21 ന് പണി കഴിഞ്ഞ് മടങ്ങിവരും വഴി തെന്നി വീണ് അനില്‍കുമാറിന് പരുക്കേറ്റിരുന്നു.

ആദ്യം പേരൂര്‍ക്കട ആശുപത്രിയിലെത്തിച്ച അനില്‍കുമാറിനെ 22 ന് പുലര്‍ച്ചെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തില്‍ തളര്‍ച്ച ബാധിച്ചിരുന്നു. ഈ മാസം ആറിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളോട് ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. 26ന് അനില്‍കുമാറിന് കൊവിഡ് നെഗറ്റീവായി. തുടര്‍ന്ന് വീട്ടില്‍ എത്തിച്ചപ്പോഴാണ് ശരീരമാസകലം പുഴുവരിച്ച നിലയില്‍ കണ്ടത്. സംഭവത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക നിഗമനം.