ന്യൂജേഴ്സി:ഈസ്റ്റ് ബ്രൗണ്‍സ് വിക്കിലുള്ള സ്വന്തം വീടിന്റെ പുറകുവശത്തെ സ്വിമ്മിംഗ് പൂളില്‍ ഭരത് പട്ടേല്‍ (62), മകന്റെ ഭാര്യനിഷാ പട്ടേല്‍ (33), നിഷയുടെ എട്ടു വയസ്സുള്ള മകള്‍ എന്നിവരെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ഇലക്ട്രിക് ഷോക്കിന്റെ സാധ്യതയും തള്ളിക്കളയുന്നില്ല. പുതുതായി സ്ഥാപിച്ചതാണു ഓവര്‍ലാന്‍ഡ് പൂള്‍. അതിനാല്‍ പൂളിലിറങ്ങാന്‍ എല്ലാവരും വലിയ ആഹ്ലാദത്തിലായിരുന്നു
ഈയിടെയാണ് 451, 000 വിലയുള്ള വീട് ഇവര്‍ വാങ്ങിയതെന്നു അയല്‍വാസികള്‍ പറഞ്ഞു. കഴിഞ്ഞമാസമാണ് ഇവിടേക്ക് ഇവര്‍ താമസം മാറ്റിയത്.
ജൂണ്‍ 22-നു തിങ്കളാഴ്ച4 മണിയോടെ വീടിനു പുറകുവശത്തുനിന്നും നിലവിളി കേട്ടാണ് അയല്‍വാസികള്‍ പോലീസിനെ വിളിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി പൂള്‍ പരിശോധിച്ചപ്പോള്‍ മൂന്നുപേരും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത് കണ്ടു. ഉടന്‍ പുറത്തെടുത്ത് സി.പി.ആര്‍ നല്കിയെങ്കിലും രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുവെച്ചുതന്നെ മൂന്നുപേരും മരിച്ചതായി പോലീസ് പറയുന്നു.
കുട്ടിയുടെ മാതാവില്‍ നിന്നാണ് നിലവിളി ഉയര്‍ന്നതെന്നു സമീപവാസികള്‍ പറയുന്നു. നാലടി താഴ്ചയുള്ള പൂളില്‍ മൂന്നുപേരും മുങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നതെന്നു ഈസ്റ്റ് ബ്രൗണ്‍സ് വിക്ക് പോലീസ് ലഫ് ഡേവിഡ് ബട്ടര്‍ പറഞ്ഞു.