വിലക്കിന് ശേഷം തിരിച്ചെത്തിയ മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് കേരള ടീം സാധ്യത പട്ടികയിൽ. സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റിനുള്ള സാധ്യതാ ടീമിലാണ് ശ്രീശാന്തിനെ ഉൾപ്പെടുത്തിയത്. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ സാധ്യത പട്ടിക. ഇതിൽ നിന്ന് അന്തിമ ടീമിനെ ഉടൻ പ്രഖ്യാപിക്കും.

ഏഴ് വർഷത്തിന് ശേഷമാണ് ശ്രീശാന്ത് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലിൽ 2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടർന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താൽ കോടതി കുറ്റമുക്തനാക്കിയ താരത്തിന്റെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറിൽ നീക്കിയിരുന്നു.

ട്വന്റി ട്വന്റി ക്രിക്കറ്റിലൂടെയാണ് ശ്രീശാന്തിന്റെ മടങ്ങിവരവ് എന്നതും ശ്രദ്ധേയമാണ്. ജനുവരി 2 മുതൽ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് നടക്കുക. ശ്രീശാന്തിനെ കൂടാതെ അതിഥി താരങ്ങളായി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ, ജലജ് സക്സേന എന്നിവരും സാധ്യതപട്ടികയിലുണ്ട്. സഞ്ജു സാംസൺ, സച്ചിൻ ബേബി, ബേസിൽ തമ്പി എന്നിവരാണ് മറ്റു പ്രമുഖർ. ടിനു യോഹന്നാൻ പരിശീലിപ്പിക്കുന്ന ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 20 മുതൽ 30 വരെ ആലപ്പുഴയിൽ നടക്കുന്ന സിലക്ഷൻ ട്രയൽസിന് ശേഷമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ. കേരളത്തിന്റെ രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.