തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ചരിത്രത്തിലാദ്യമായാണ് കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത വാര്‍ത്താ സമ്മേളനം നടന്നതെന്ന് കെ ടി ജലീല്‍. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ട് താന്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുന്നില്ല. വാക്ക് പറഞ്ഞാല്‍ വാക്കായിരിക്കണമെന്നും ജലീല്‍ പറഞ്ഞു. മുസ്ലിം ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലെ തീരുമാനങ്ങള്‍ അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജലീല്‍.
ജലീലിന്റെ വാക്കുകള്‍;
‘കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത മുസ്ലിം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇത്. സാദിഖലി തങ്ങള്‍ എല്ലാം വിശദീകരിച്ചു. പിഎംഎ സലാം മുസ്ലിം ലീഗിന്റെ ജനറല്‍ സെക്രടറിയായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. ഇ ടി മുഹമ്മദ് ബശീറിന്റെ മൈക് ആരും തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുവെന്നും ജലീല്‍ പ്രതികരിച്ചു.’
പാണക്കാട് കുടുംബത്തിന്റെ മേസ്തിരി പണിയെടുക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന സാദിഖലി തങ്ങളുടെ പ്രസ്താവന കുഞ്ഞാലിക്കുട്ടിയെ കുറിച്ചാണെന്നും ജലീല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മുസ്ലിം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗം അവസാനിക്കുകയാണ്. ബ്ലാക്മെയില്‍ രാഷ്ട്രീയത്തിന്റെ വക്താവാണ് കുഞ്ഞാലിക്കുട്ടി. സേട്ട് സാഹിബിനെയും പിഎം അബൂബകര്‍ സാഹിബിനെയുമടക്കം പാര്‍ടിയില്‍ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണ്. കുഞ്ഞാലിക്കുട്ടിയെ പുറത്താക്കാനും മുസ്ലിം ലീഗില്‍ ഒരു തലമുറ ജനിക്കുമെന്നും അദ്ദേഹം പറഞ്ഞു.



