കൊച്ചി: മുട്ടില്‍ മരംമുറിക്കേസിലെ മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്തെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍. റോജി അഗസ്റ്റിന്‍, ആന്റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറ്റിപ്പുറം പാലത്തില്‍ വച്ച്‌ തിരൂര്‍ ഡിവൈഎസ്‌പിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്.

മരം മുറിക്കേസിലെ മുഖ്യ സൂത്രധാരന്‍ റോജി അഗസ്റ്റിനും സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്‍, ജോസുകുട്ടി അഗസ്റ്റിന്‍ എന്നിവര്‍ക്കുമായി സംസ്ഥാന വ്യാപക തെരച്ചിലാണ് നടത്തിയത്. ഇവരുടെ വയനാട് വാഴവറ്റയിലെ വീട്ടില്‍ പൊലീസ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. വനം വകുപ്പ്, ക്രൈംബ്രാംഞ്ച്, വിജിലന്‍സ് എന്നിവര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്.

മരംമുറിയുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ഇന്നലെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചികുന്നു.പ്രതികളെ അറസ്റ്റ് ചെയ്യാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വമാണെന്നും അഭിപ്രായപ്പെട്ടു. അന്വേഷണം സിബിഐ.യെ ഏല്‍പ്പിക്കണം എന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശിയായ ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം. ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

കേസുമായി ബന്ധപ്പെട്ട് പ്രതികളെ അറസ്റ്റുചെയ്യാന്‍ വൈകിയതാണ് കോടതിയെ ചൊടിപ്പിച്ചത്. കോവിഡിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് പ്രതികളെ പിടികൂടാന്‍ കഴിയാത്തതെന്ന വാദം കോടതി തള്ളി. 701 കേസുകളാണ് മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇത്രയധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തുവെന്ന് കോടതി ചോദിച്ചു. കേസുമായി ബന്ധപ്പെട്ട് ഒരാള്‍ ജാമ്യം നേടിയിരുന്നു എന്ന ദുര്‍ബലമായ വാദമാണ് എജിയുടെ ഭാഗത്ത് നിന്ന് മറുപടിയായി ഉണ്ടായത്. ഇത് ‘യൂണിവേഴ്‌സല്‍ പ്രതിഭാസ’മാണോ എന്നായിരുന്നു കോടതിയുടെ പരിഹാസം.

മരം മുറി സംബന്ധിച്ച്‌ മറ്റൊരു നിരീക്ഷണവും കോടതി നടത്തി. 300ല്‍ അധികം മരങ്ങള്‍ നഷ്ടപ്പെട്ടു. ഇത് കര്‍ഷകര്‍ നട്ട മരങ്ങളല്ല. നടന്നിരിക്കുന്നത് വളരെ കൃത്യമായ മോഷണമാണ്. എന്നിട്ടും എന്തുകൊണ്ട് പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന ചോദ്യം കോടതി ആവര്‍ത്തിച്ചുചോദിച്ചിരുന്നു.

അതേസമയം, വിവാദ ഉത്തരവിന്റെ മറവില്‍ എല്‍എ പട്ടയഭൂമിയിലെ ഈട്ടി മരങ്ങള്‍ മുറിച്ചു കടത്തിയ രണ്ടു പേരെ അന്വേഷണ സംഘം ഇന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട മുട്ടില്‍ സ്വദേശി അബ്ദുള്‍ നാസര്‍, അമ്ബലവയല്‍ സ്വദേശി അബൂബക്കര്‍ എന്നിവരാണ് പിടിയിലായത് ഇവര്‍ മരക്കച്ചവടക്കാരാണ്.

ബത്തേരി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് വൈകുന്നതില്‍ ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് രൂക്ഷ വിമര്‍ശനമേറ്റതിന് പിന്നാലെയാണ് നടപടികള്‍ തുടങ്ങിയത്