സിംല: കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശില്‍ എട്ടു പേര് മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.
കുളുവില്‍ നാലു പേരും ലഹോല്‍ സ്പിതിയില്‍ മൂന്നു പേരും മരിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരാള്‍ ചമ്ബയിലാണ് മരിച്ചത്. ലഹോല്‍ സ്പിതിയില്‍നിന്ന് ഏഴു പേരെ കാണാതായി.
ശക്തമായ മഴയില്‍ നദികളില്‍ വെള്ളം അതിവേഗം ഉയരുകയായിരുന്നു. നദീതീരത്താണ് കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒട്ടേറെ വാഹനങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോയി.
ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്കി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാവാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി. റോഡുകളും മറ്റു ഗതാഗത മാര്‍ഗങ്ങളും തടസപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങള്‍ പലയിടത്തും കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
ഹിമാചലില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.