- ഷാജീ രാമപുരം
ന്യൂയോർക്ക് :മാർത്തോമാ സന്നദ്ധ സുവിശേഷക സംഘം 2020 – 2023 വർഷത്തെ പ്രവർത്തനങ്ങളുടെ ഉത്ഘാടനം മെയ് നാലാം തീയതി തിങ്കളാഴ്ച ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ സൂം ടെലികോൺഫ്രറൻസ് വഴി കൂടിയ ഇടവക മിഷന്റെ ജനറൽ ബോഡി മീറ്റിംഗിൽ വെച്ച് നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസ് നിർവഹിച്ചു.
ഈ ലോകം ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ, സർവ്വ ശക്തനായ ദൈവത്തിൽ പൂർണ്ണ ആശ്രയവും, പൂർണ്ണ വിശ്വാസവും ഉറപ്പിക്കുവാൻ ഓരോ വിശ്വാസിയും തയ്യാറാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു, കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു എന്ന ബൈബിൾ വാക്യം ഏവരെയും ബലപ്പെടുത്തട്ടെയെന്ന് ബിഷപ് ഡോ. മാർ ഫിലക്സിനോസ് ഉദ്‌ബോധിപ്പിച്ചു.
അറ്റ്ലാന്റാ മാർത്തോമ്മ ഇടവക വികാരി റവ. അജു എബ്രഹാം (ഭദ്രാസന വൈസ് പ്രസിഡന്റ് ), ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകാംഗം സാം അലക്സ് (ഭദ്രാസന സെക്രട്ടറി ), ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മ ഇടവകാംഗം സാമുവേൽ കോശി (ഭദ്രാസന ട്രഷറാർ ), ഫിലാഡൽഫിയ മാർത്തോമ്മ ഇടവകാംഗം വർഗീസ് കെ ജോസഫ് (ഭദ്രാസന അസംബ്ലി മെംമ്പർ ) എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പുതിയ ഭരണ സമിതിയാണ് അടുത്ത മൂന്ന് വർഷത്തെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.
ഭദ്രാസന ഇടവക മിഷന്റെ നേതൃത്വത്തിൽ എല്ലാ മാസവും ഒന്നാമത്തെ തിങ്കളാഴ്ച വൈകിട്ട് ന്യൂയോർക്ക് സമയം രാത്രി 8:30 ന് ടെലികോൺഫ്രറൻസ് മുഖേന ഒരു പ്രാർത്ഥന കൂട്ടായ്‌മ നടത്തുന്നതാണെന്ന് സെക്രട്ടറി സാം അലക്സ് അറിയിച്ചു.