ടൊറന്റോ: മലയാളി ആർട്സ് ആൻഡ് സ്പോർട്സ് ക്ളബ് (മാസ്ക്) മലയാളി വനിതാ ഫാഷൻ സീസൺ-2 ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളികൾക്ക് പങ്കെടുക്കാവുന്ന മൽസരത്തിലെ വിജയിയെ കാത്തിരിക്കുന്നത് 1000 കനേഡിയൻ ഡോളർ മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങളാണ്. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 500, 300 ഡോളർവീതമാണ് സമ്മാനം. പതിനെട്ട് വയസ് പൂർത്തിയായ വിദേശ മലയാളികൾക്കായാണ് മൽസരം.

നടി വീണാ നായരാണ് സെലിബ്രിറ്റി ജഡ്ജ്. പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് ജൂലൈ 15 വരെ റജിസ്റ്റർ ചെയ്യാം. റജിസ്ട്രേഷൻ ഫീസില്ല. റജിസ്റ്റർ ചെയ്യുന്നതിനൊപ്പം കേരളീയ വേഷത്തിലുള്ള വിഡിയോകൾ ജൂലൈ 30ന് മുൻപ് അയയ്ക്കുകയാണ് ചെയ്യേണ്ടത്. രണ്ട് മിനിറ്റ് വരെ ദൈർഘ്യമാകാവുന്ന വിഡിയോയാണ് വിജയികളെ കണ്ടെത്താൻ പരിഗണിക്കുക. ലാൻഡ്സ്കേപ്പ് ഫോർമാറ്റിലുള്ള വിഡിയോ ക്യാമറയിലെ സെൽഫോണിലോ ചിത്രീകരിക്കാം. ഇതിൽ പതിനഞ്ച് മുതൽ മുപ്പത് സെക്കൻഡ് വരെ മൽസരാർഥികൾക്ക് കാഴ്ചക്കാർക്കു മലയാളത്തിലുള്ള സന്ദേശമാകാം.

കേരളീയവേഷത്തിലെ വ്യത്യസ്തതയും അവതരണത്തിലെ ഭംഗിയും മൽസരാർഥികളുടെ സന്ദേശവും വിഡിയോയുമെല്ലാം കണക്കിലെടുത്താകും ഫൈനൽ റൗണ്ടിലേക്കുള്ള ആറു പേരെ കണ്ടെത്തുക. ‘മാസ്കി’ന്റെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന വിഡിയോകൾക്ക് ലഭിക്കുന്ന പ്രതികരണവും കണക്കിലെടുക്കും. ഫൈനൽ റൗണ്ടിലെ മൽസരാർഥികളുടെ വെർച്വൽ ഷോ അവസാനിക്കുംമുൻപ് ‘മലയാളി വനിത പട്ടം’ അണിയുക ആരെന്ന് പ്രവചിക്കുന്നവരിലെ ഭാഗ്യശാലിയെ 150 ഡോളർ സമ്മാനവും കാത്തിരിക്കുന്നു.

അംബിക ജ്വല്ലേഴ്സാണ് ഒന്നാം സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. റിയൽറ്റർ ജയിംസ് വർഗീസും ഇമ്മിഗ്രേഷൻ കണസൾട്ടന്റ് ഫെബിൻ ടോം എന്നിവരാണ് മറ്റു പ്രായോജകർ.

മൽസരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ പേര്, നഗരം, സംസ്ഥാന, രാജ്യം, ഇ-മെയിൽ, ഫോൺ നമ്പർ, സോഷ്യൽ മീഡിയ ലിങ്കുകൾ എന്നിവ സഹിതം റജിസ്റ്റർ ചെയ്യണമെന്ന് സംഘാടകസമിതിക്കുവേണ്ടി പ്രസിഡന്റ് രാകേഷ് പുത്തലത്ത് (+1 647-327-7457), ലക്ഷ്മി സിന്ധു ലാൽ (+1 437-343-0851) എന്നിവർ അറിയിച്ചു. ഇ-മെയിൽ MASCMalayaliVanitha@gmail.com