പാല: സന്യാസ ഏകാന്തവാസത്തിന് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍. സോഷ്യല്‍ മീഡിയായിലൂടെയും ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും സന്യാസ വാസത്തിന് വത്തിക്കാന്‍ അനുമതി നല്‍കിയെന്ന പ്രചരണം ശക്തമായ പശ്ചാത്തലത്തിലാണ് ബിഷപ്പ് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

“വര്‍ഷങ്ങളായി സന്യാസ ഏകാന്തവാസം നയിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. ആ ആഗ്രഹം രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിനോടും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിനോടും ഞാൻ പങ്കുവെച്ചിട്ടുള്ളതാണ്. എന്നാൽ ഇതിന്റെ അനുവാദം സംബന്ധിച്ച് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൂടി വരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ഇതുമായി ബന്ധപ്പെട്ട രൂപതയിലെ ചില വൈദികരുടെ പേരെടുത്തു പറഞ്ഞും രൂപതയിലെ കാര്യങ്ങൾ തെറ്റായി അവതരിപ്പിച്ചും നടത്തുന്ന പ്രചരണങ്ങൾ വേദനാജനകമാണ്. ഇത്തരം കുപ്രചരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം ഇന്ന് പ്രസ്താവനയില്‍ കുറിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് ബിഷപ്പ് പദവി സ്ഥാനത്യാഗം ചെയ്തു സന്യാസ ജീവിതത്തിന് ഒരുങ്ങുന്നതായും അതിന് വത്തിക്കാന്‍ അനുമതി നല്‍കിയതായും പ്രചാരണം ആരംഭിച്ചത്. അവയവദാനത്തിന്റെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ട്, നേരത്തേ തന്റെ ഒരു കിഡ്‌നി ഹൈന്ദവ സഹോദരന് ദാനം ചെയ്ത് കരുണയുടെ സുവിശേഷം ജീവിതത്തിൽ പ്രവർത്തികമാക്കിയ വ്യക്തിയാണ് മാര്‍ ജേക്കബ് മുരിക്കൻ. കഴിഞ്ഞ ആഴ്ച നടന്നതടക്കം ഇരുപത്തിയാറിലധികം തവണ അദ്ദേഹം രക്തദാനം നടത്തിയിട്ടുണ്ട്.