സിഡ്‌നി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി 20 പരമ്ബരയിലെ തകര്‍പ്പന്‍ പ്രകടനത്തോടെ പരമ്പരയിലെ താരമായത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. എന്നാല്‍ തനിക്ക് ലഭിച്ച മാന്‍ ഓഫ് ദ് സീരീസ് ട്രോഫി ഇന്ത്യയുടെ പുതിയ പേസ് സെന്‍സേഷന്‍ ടി. നടരാജന് സമ്മാനിച്ച് ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റിയിരിക്കുകയാണ് പാണ്ഡ്യ.
മൂന്നു മത്സരങ്ങളില്‍ നിന്ന് ആറു വിക്കറ്റ് വീഴ്ത്തിയ നടരാജന് മാന്‍ ഓഫ് ദ് സീരീസ് പുരസ്കാരം ലഭിക്കുമെന്ന് കരുതിയിരുന്നെങ്കിലും, ലഭിച്ചത് ഹാര്‍ദിക് പാണ്ഡ്യയ്ക്കാണ്. ഈ പുരസ്കാരം അര്‍ഹിക്കുന്നത് നടരാജനാണെന്ന വാക്കുകളോടെയാണ് പാണ്ഡ്യ തനിക്കു ലഭിച്ച ട്രോഫി കൈമാറിയത്. പരമ്ബരയില്‍ മൂന്ന് മത്സരങ്ങളില്‍നിന്ന് 6.97 ഇക്കോണമിയിലാണ് നടരാജന്‍ ആറു വിക്കറ്റ് പിഴുതത്. മൂന്നാം ട്വന്റി20യില്‍ നടരാജന്‍ ഒരു വിക്കറ്റ് കൂടി വീഴ്ത്തിയിരുന്നെങ്കിലും, ക്യാപ്റ്റന്‍ വിരാട് കോലി റിവ്യൂ നല്‍കാന്‍ വൈകിയതോടെ അത് നഷ്ടമായി.
‘നടരാജന്‍, ഈ പരമ്പരയില്‍ താങ്കളുടെ പ്രകടനം ഉജ്വലമായിരുന്നു. ഇന്ത്യന്‍ ജഴ്സിയിലുള്ള അരങ്ങേറ്റത്തില്‍ തീര്‍ത്തും ദുഷ്കരമായ സാഹചര്യങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞത് താങ്കളുടെ കഴിവിന്റെയും കഠിനാധ്വാനത്തിന്റെയും തെളിവാണ്. എന്റെ ഭാഗത്തുനിന്ന് നിങ്ങളാണ് മാന്‍ ഓഫ് ദ് സീരീസ് പുരസ്കാരം അര്‍ഹിക്കുന്നത്. ഈ വിജയത്തില്‍ ടീം ഇന്ത്യയ്ക്കും അഭിനന്ദനം’ – നടരാജന് പുരസ്കാരം കൈമാറിക്കൊണ്ടുള്ള ചിത്രങ്ങള്‍ സഹിതം പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചു. പാണ്ഡ്യയുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.