കല്‍പ്പറ്റ: മാനന്തവാടി രൂപതയുടെ പുതിയ വികാരി ജനറാളായി റവ. ഡോ. പോള്‍ മുണ്ടോളിക്കലും പ്രൊക്യുറേറ്റര്‍ (ഫിനാന്‍സ് ഓഫീസര്‍) ആയി റവ. ഫാ. ജോണ്‍ പൊന്‍പാറക്കലും നിയമിതരായി. മാനന്തവാടി രൂപതയിലെ 2020-21 വര്‍ഷത്തെ വൈദികരുടെ സ്ഥലംമാറ്റത്തിനൊപ്പമാണ് പുതിയ നിയമനങ്ങള്‍ രൂപതാദ്ധ്യക്ഷന്‍ നടത്തിയിരിക്കുന്നത്. മാനന്തവാടി രൂപതയുടെ ഇപ്പോഴത്തെ വികാരി ജനറാളായ റവ. ഡോ. അബ്രാഹം നെല്ലിക്കല്‍, പ്രൊക്യുറേറ്റര്‍ റവ. ഫാ. ജില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ വികാരി ജനറാളും പ്രൊക്യുറേറ്ററും മാനന്തവാടി രൂപതയുടെ പൊതുസ്ഥലംമാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും.

1951 ഒക്ടോബര്‍ 16-ന് മുണ്ടോളിക്കല്‍ ജോസഫ് – ഏലിക്കുട്ടി ദമ്പതികളുടെ എട്ടുമക്കളില്‍ മൂത്തയാളായി തൊടുപുഴ ഏഴല്ലൂരിലാണ് റവ. ഫാ. പോള്‍ മുണ്ടോളിക്കലിന്റെ ജനനം. 1978-ല്‍ മാനന്തവാടി രൂപതയ്ക്കു വേണ്ടി വൈദികനായ ശേഷം മാനന്തവാടി രൂപതയുടെ മൈനര്‍ സെമിനാരി സ്പിരിച്വല്‍ ഡയറക്ടറും നടവയല്‍ ഇടവകയുടെ അസിസ്റ്റന്‍റുമായി സേവനം ചെയ്തു. ചുണ്ടക്കര ഇടവകയില്‍ വികാരിയായി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ റോമില്‍ ഉപരിപഠനത്തിനായി പോവുകയും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തിരിച്ചെത്തിയ ശേഷം അഭിവന്ദ്യ തൂങ്കുഴി പിതാവിന്‍റെ സെക്രട്ടറിയായും സിയോന്‍ കരിസ്മാറ്റിക് സെന്‍ററിന്‍റെ ഡയറക്ടറായും സേവനം ചെയ്തു.

കളമശ്ശേരിയിലെ എമ്മാവൂസില്‍ കരിസ്മാറ്റിക് മുന്നേറ്റത്തിന്‍റെ കേരള സര്‍വ്വീസ് ടീം ചെയര്‍മാനായും നാഷണല്‍ സര്‍വീസ് ടീമിന്‍റെ എക്സിക്യുട്ടീവ് മെമ്പറായും സേവനം ചെയ്ത ശേഷം എമ്മാനുവല്‍ പോത്തനാമുഴി പിതാവിന്‍റെ കാലത്ത് രൂപതാ ചാന്‍സലറായിരുന്നു. തുടര്‍ന്ന് ആലുവ മംഗലപ്പുഴ സെമിനാരിയില്‍ അദ്ധ്യാപകനായും സ്പിരിച്വല്‍ ഡയറക്ടറായും ദീര്‍ഘകാലം (2000-2017) സേവനം ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരിയിലെ അവസാന രണ്ടു വര്‍ഷങ്ങള്‍ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ദൈവശാസ്ത്ര ബിരുദാനന്തരബിരുദ കോഴ്സിന്‍റെ കോര്‍ഡിനേറ്ററായിരുന്നു. 2017 മുതല്‍ കണിയാരം കത്തീഡ്രല്‍ ഇടവകവികാരിയായി സേവനം ചെയ്യുന്നു.

ഫാ. ജോണ്‍ പൊന്‍പാറക്കല്‍ ജോര്‍ജ്ജ് ചിന്നമ്മ ദമ്പതികളുടെ നാല് മക്കളില്‍ ഏറ്റവുമിളയാളായി പയ്യംപള്ളിയില്‍ ജനിച്ചു. ആലുവ, കോട്ടയം സെമിനാരികളില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി 2002-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. കൊട്ടിയൂര്‍, സുല്‍ത്താന്‍ ബത്തേരി ഇടവകകളില്‍ അസിസ്റ്റന്‍റായും പൂളപ്പാടം ഇടവകയിലും കല്യാണ്‍ രൂപതയുടെ വിരാര്‍, പാല്‍ഗര്‍ ഇടവകകളിലും വികാരിയായും സേവനം ചെയ്തു. കല്യാണ്‍ രൂപതയില്‍ സേവനം ചെയ്തിരുന്ന സമയത്ത് നിയമപഠനം (LLB) പൂര്‍ത്തിയാക്കി. ദ്വാരക വിയാനി ഭവന്‍ ഡയറക്ടറായിരുന്നു. 2014 മുതല്‍ മാനന്തവാടി രൂപതയുടെ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ മാനേജരായി സേവനം ചെയ്തു വരുന്നു.

മാനന്തവാടി രൂപതയുടെ മണിമൂളി – നിലമ്പൂര്‍ റീജിയന്റെ പുതിയ സിഞ്ചല്ലൂസായി റവ. ഫാ. തോമസ് മണക്കുന്നേല്‍ നിയമിതനായി. മണക്കുന്നേല്‍ ഐസക് – സാറാമ്മ ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി കടല്‍മാട് ഇടവകയില്‍ ജനിച്ചു. ബാംഗ്ലൂര്‍ ധര്‍മ്മാരാം വിദ്യാക്ഷേത്രത്തില്‍ തത്വശാസ്ത്ര, ദൈവശാസ്ത്ര പരീശീലനത്തിന് ശേഷം 1993-ല്‍ മാനന്തവാടി രൂപതയ്ക്കുവേണ്ടി വൈദികനായി. ചുങ്കക്കുന്ന് ഇടവകയില്‍ അസിസ്റ്റന്‍റായും പൂളപ്പാടം, പോരൂര്‍ ഇടവകകളില്‍ വികാരിയായും സേവനം ചെയ്തു.

ഒമ്പത് വര്‍ഷത്തോളം മംഗലാപുരത്തെ ജോര്‍ദ്ദാനിയ എസ്റ്റേറ്റിന്റെ മാനേജരായിരുന്നു. തുടര്‍ന്ന് ചുങ്കക്കുന്ന് വികാരിയായി. ഇപ്പോള്‍ കയ്യൂന്നി ഇടവകയുടെ വികാരിയായും നീലിഗിരി റീജിയന്റെ ഡയറക്ടറായും സേവനം ചെയ്തു വരുന്നു. മണിമൂളി – നിലമ്പൂര്‍ റീജിയന്റെ ഇപ്പോഴത്തെ സിഞ്ചല്ലൂസായ റവ. ഫാ. ജോസ് മേച്ചേരില്‍ സ്ഥലംമാറിപ്പോകുന്ന സാഹചര്യത്തില്‍ പുതിയ സിഞ്ചല്ലൂസ് മാനന്തവാടി രൂപതയുടെ പൊതുസ്ഥലം മാറ്റ ദിവസമായ ജൂണ്‍ 27-ന് ചാര്‍ജ്ജെടുക്കും.