കൊച്ചി : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്‍ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി.
ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുമുള്ള മലയാളി പത്രപ്രവർത്തകർക്കുള്ള ആദരവ് എന്നതാണ് ഈ അവാർഡ് ചടങ്ങിന്‍റെ സവിശേഷത. മലയാള ഭാഷയിൽ സമാനതകളില്ലാത്തതും ഏറ്റവും വലിയ സമ്മാനത്തുകയുള്ളതുമായ പുരസ്കാരം എന്നതും മറ്റൊരു പ്രത്യേകത.
പതിവ് പുരസ്‌കാരങ്ങളിൽ നിന്ന് വ്യത്യസ്തമായി നാല് മുതിർന്ന മാധ്യമപ്രവർത്തകരെ ആദരിച്ചതും സായാഹ്നത്തെ ഹൃദ്യമാക്കി. റേഡിയോ ജേർണലിസത്തിനും ഇത്തവണ അവാർഡ് ഏർപ്പെടുത്തിയതാണ് മുൻ വർഷങ്ങളെ അപേക്ഷിച്ചുണ്ടായ ശ്രദ്ധേയമായ മാറ്റം.
നൃത്തരൂപത്തിലുള്ള പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. എം.ജി ശ്രീകുമാർ, യുവഗായകൻ മിഥുൻ എന്നിവർ ഒരുക്കിയ സംഗീതവിരുന്നും അവാർഡ് നിശയ്ക്ക് പകിട്ടേകി.
മുഖ്യാതിഥികളായ മന്ത്രി എം.ബി.രാജേഷ്, എം.എൽ.എമാരായ ടി.ജെ.വിനോദ്, അൻവർ സാദത്ത്, റോജി എം.ജോൺ, മാത്യു കുഴൽനാടൻ എന്നിവർക്ക് പുറമെ ഡോ. മാത്യു ബെർണാഡ്, സുനിൽകുമാർ, ഫാ. ഡേവിസ് ചിറമേൽ, ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ, പോൾ കറുകപ്പള്ളി, സജിമോൻ ആന്‍റണി, തോമസ് തോമസ്, ഫിലിപ്പോസ് ഫിലിപ്പ്, അലക്സ് വിളനിലം, ജെയ്‌ബു കുളങ്ങര തുടങ്ങി പ്രസ് ക്ലബുമായി അടുത്ത ബന്ധം പുലർത്തുന്നവരും നിറസാന്നിധ്യമായി.
മനോരമയുടെ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ്, മനോരമ വീക്കിലി മുൻ എഡിറ്റർ കെ.എ. ഫ്രാൻസിസ്, ഇന്ത്യ ടുഡേ മലയാളം എഡിറ്റർ പി.എസ. ജോസഫ്, ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എം.ജി. രാധാകൃഷ്ണൻ, ഗൾഫ് ഡെയ്‌ലി മുൻ ഡെപ്യുട്ടി എഡിറ്റർ പി.പി. മാത്യു, മനോരമ ന്യൂസ് എഡിറ്റർ ജോണി ലൂക്കോസ്, കൈരളി ന്യൂസ് എക്സികുട്ടീവ് എഡിറ്റർ ശരത്ത്, എന്നിങ്ങനെ മാധ്യമരംഗത്തെ പ്രമുഖരും ചടങ്ങിനെ ധന്യമാക്കി.
ബെസ്റ്റ് ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റിനുള്ള അവാർഡ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ ജോഷി കുര്യന് എം എൽ എ സനീഷ് ജോസഫ് സമ്മാനിച്ചു. അമേരിക്കൻ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രീമിയർ എക്സ്ചേഞ്ച് ഇന്റർനാഷണൽ വിസിറ്റർസ് പ്രോഗ്രാമിന് അർഹത നേടിയ കട്ടപ്പനക്കാരനാണ് ജോഷി കുര്യൻ. 20 വർഷമായി മാധ്യമരംഗത്ത് പ്രവർത്തിക്കുന്ന ഇദ്ദേഹത്തിന്‍റെ തുടക്കം രാഷ്ട്ര ദീപികയിൽ നിന്നും മംഗളത്തിൽ നിന്നുമാണ്. അന്വേഷണാത്മക പത്രപ്രവർത്തനത്തിന് സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.
ബെസ്റ്റ് ഔട്‍സ്റ്റാൻഡിങ് പെർഫോമൻസ് ഇൻ ജേർണലിസത്തിനുള്ള അവാർഡ് മലയാള മനോരമയിലെ സുജിത്ത് നായർ മന്ത്രി എം.ബി. രാജേഷിൽ നിന്ന് ഏറ്റുവാങ്ങി.മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം ഈ രംഗത്തുണ്ട്. മനോരമയുടെ രാഷ്ട്രീയ ലേഖകൻ എന്ന നിലയിൽ വായനക്കാർക്ക് സുപരിചിതനാണ്. മനോരമയുടെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ നേടിയിട്ടുമുണ്ട്.
പൊളിറ്റിക്കൽ റിപ്പോർട്ടിങ് ആൻഡ് സ്പോർട്സ് ജേർണലിസത്തിൽ മികവ് തെളിയിച്ച മാതൃഭൂമിയിലെ പി.പി.ശശീന്ദ്രൻ എക്സലൻസ് ഇൻ ജേർണലിസത്തിനുള്ള അവാർഡ് സ്വീകരിച്ചു.
ഫീച്ചർ റൈറ്റിംഗിനുള്ള അവാർഡിന് മെട്രോ മനോരമ, കേരള കൗമുദി, മംഗളം, ദേശാഭിമാനി, മാധ്യമം, എന്നീ മാധ്യമങ്ങളിൽ പ്രവർത്തിച്ച സീമ മോഹൻലാൽ (സബ് എഡിറ്റർ, രാഷ്ട്രദീപിക) അർഹയായി. സ്ത്രീകളുടെ ഒറ്റയാൾ പോരാട്ടങ്ങളും സ്ത്രീധന പീഡനങ്ങളും അനാഥബാല്യങ്ങളും അന്യഭാഷാതൊഴിലാളികളുടെ പ്രശ്നങ്ങളും പോലെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ ജനസമക്ഷം എത്തിച്ച മികവിനാണ് അംഗീകാരം.
ബെസ്റ്റ് ഫോട്ടോ ജേർണലിസ്റ്റിനുള്ള പുരസ്കാരം വിൻസന്‍റ് പുളിക്കൽ നേടി. യഥാർത്ഥ സംഭവങ്ങളുടെ നേർക്കാഴ്ചകൾ മികവുറ്റ ഫോട്ടോകളിലൂടെ വായനക്കാർക്ക് മുന്നിൽ എത്തിച്ചതിനാണ് അവാർഡ്.
റേഡിയോ ജേർണലിസത്തിനുള്ള അവാർഡ് ചിറയിൻകീഴ് സ്വദേശി ഷാബു കിളിത്തട്ടിൽ (96.7 എഫ് എം ) സ്വന്തമാക്കി.
ബെസ്റ്റ് ടെലിവിഷൻ ആങ്കർ അവാർഡിന് ചടുലമായ അവതരണശൈലിയിലൂടെ ജനശ്രദ്ധ നേടിയ സ്‌മൃതി പരുത്തിക്കാട് അർഹയായി. കൈരളിയിലൂടെ ഹരിശ്രീ കുറിച്ച സ്‌മൃതീയുടെ മാധ്യമ ജീവിതം ഇന്ത്യാവിഷനിലൂടെയും മനോരമ ന്യൂസിലൂടെയും റിപോർട്ടറിലൂടെയും മാതൃഭൂമി ന്യൂസിലൂടെയും കത്തിക്കയറി. ഇന്ന് മീഡിയ വണ്ണിൽ എത്തിനിൽക്കുകയാണ്.
ഐപിസിഎൻഎ പ്രസിഡന്‍റ് സുനിൽ തൈമറ്റം, സെക്രട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ ബിജു കിഴക്കേക്കുറ്റ്, പ്രസിഡന്‍റ് ഇലെക്ട് സുനിൽ ട്രൈസ്റ്റാർ എന്നിവരാണ് പരിപാടിയുടെ വിജയകരമായ നടത്തിപ്പിനുവേണ്ടി പ്രവർത്തിച്ചത്.
കാലടി ശ്രീ ശാരദ വിദ്യാലയയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്തരൂപത്തിലുള്ള പ്രാര്‍ത്ഥനയോടെയാണ് പുരസ്‌കാര രാവിന് തുടക്കമായത്. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി രാജു പള്ളത്ത് സ്വാഗത പ്രസംഗം നടത്തി. ഐപിസിഎന്‍എ നാഷണല്‍ പ്രസിഡന്റ് സുനില്‍ തൈമറ്റം അധ്യക്ഷ പ്രസംഗം നടത്തി.
എംഎല്‍എ റോജി എം ജോണ്‍, എംല്‍എ വിആര്‍ സുനില്‍കുമാര്‍, മാവേലിക്കര മുനിസിപ്പല്‍ ചെയര്‍മാന്‍ കെവി ശ്രീകുമാര്‍, കിഡ്‌നി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫാ. ഡേവിസ് ചിറമേല്‍, ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എക്‌സിക്യുട്ടീവ് മെമ്പേര്‍സ്, ഐപിസിഎന്‍എ അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് തിരി തെളിച്ച് പുരസ്‌കാരച്ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഐപിസിഎന്‍എ സംഘടിപ്പിക്കുന്ന എട്ടാമത് അവാര്‍ഡ്ദാന ചടങ്ങാണ് നടന്നത്.