ഡോ. ജോര്‍ജ് എം.കാക്കനാട്ട്

അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ ഡി. വിജയമോഹന്‍ ഒരു തലമുറയുടെ പത്രപ്രവര്‍ത്തനത്തെ പ്രതിനിധാനം ചെയ്ത പ്രഗത്ഭശാലിയായിരുന്നു. മലയാള മനോരമ ഡല്‍ഹി സീനിയര്‍ കോഓര്‍ഡിനേറ്റിങ് എഡിറ്ററായി ജോലി നോക്കുമ്പോഴും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അടുത്ത സുഹൃത്തും വഴികാട്ടിയുമായിരുന്നു അദ്ദേഹം. ഐപിസിഎന്‍എയുടെ അഭിമാനപുരസ്‌ക്കാരമായ മാധ്യമശ്രീ പട്ടം നല്‍കിയാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക വിജയമോഹനെ ആദരിച്ചത്. ഡല്‍ഹി ബ്യൂറോയില്‍ ഉള്ള കാലം മുതല്‍ക്കേയുള്ള അടുപ്പമായിരുന്നു. നിരവധി തവണ അതിഥിയും ആതിഥേയനുമായി. ഡി വിജയമോഹന്റെ മരണത്തിലൂടെ അനുഭവ സമ്പത്തും അറിവും തലയെടുപ്പുമുള്ള മാധ്യമ പ്രവര്‍ത്തകനെയാണ് മലയാളമാധ്യമ ലോകത്തിനു നഷ്ടമായിരിക്കുന്നതെന്ന് ഇനി കാലം അടയാളപ്പെടുത്തും. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായി 23 വിദേശ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച അദ്ദേഹം നിരവധി തവണ യുഎസ് സന്ദര്‍ശിച്ചിരുന്നു. ആ സമയത്തൊക്കെയും അടുത്തിടപഴകാന്‍ അവസരം ലഭിച്ചു. ദേശീയ രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ വസ്തുനിഷ്ഠമായി മലയാളി വായനക്കാര്‍ക്ക് പറഞ്ഞുകൊടുത്ത പ്രാഗത്ഭ്യമാണ് വിജയമോഹനെ അനശ്വരനാക്കുന്നത്. വികസന കാഴ്ചപാടോടു കൂടി പത്രപ്രവര്‍ത്തനം നടത്തിയിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍കൂടിയായിരുന്നു അദ്ദേഹം. മുന്‍വിധികളില്ലാതെ അദ്ദേഹം സത്യസന്ധമായ വാര്‍ത്തകളെഴുതി, വസ്തുതകള്‍ അടിസ്ഥാനമാക്കി മാത്രം വാര്‍ത്തകളെ ചേര്‍ത്തുപിടിച്ചു കൈകാര്യം ചെയ്തുവെന്നതാണു ഡി. വിജയമോഹന്റെ മാധ്യമവ്യക്തിത്വം. ജാതിമത ധ്രുവീകരണ കാലത്തു പോലും മതനിരപേക്ഷമായ നിലയ്ക്ക് മാധ്യമ പ്രവര്‍ത്തനം നടത്തിയ അത്യപൂര്‍വ്വം ജേര്‍ണലിസ്റ്റുകളിലൊരാളായിരുന്നു അദ്ദേഹം. വിജയമോഹന്റെ അപ്രതീക്ഷിത വേര്‍പാട് പത്ര പ്രവര്‍ത്തന മേഖലയ്ക്കു തീരാനഷ്ടമാണ്. അനുശോചനം അറിയിക്കുന്നതോടൊപ്പം അദ്ദേഹത്തിന് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പേരില്‍ ആദരാഞ്ജലികളും അര്‍പ്പിക്കുന്നു.