ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ടോട്ടനം ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തത്. ഇംഗ്ലീഷ് ദേശീയ ടീം നായകന്‍ ഹാരീ കെയിന്‍ നയിച്ച ടോട്ടനം ഇംഗ്ലീഷ് ലീഗിലെ കരുത്തന്മാരെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് നടത്തിയത്. സൂന്‍ ഹ്യൂംഗ് മിന്നും കെയിനുമാണ് വിജയശില്പികള്‍. ഇരുവരും നേടി ഇരട്ട ഗോളുകളാണ് മാഞ്ചസ്റ്ററിന്റെ വല നിറച്ചത്. 2013ന് ശേഷം ഏറ്റവും വലിയ തോല്‍വിയാണ് മാഞ്ചസ്റ്റര്‍ ഏറ്റുവാങ്ങിയത്.
കളിയുടെ തുടക്കത്തില്‍ത്തന്നെ ഗോളുകള്‍ പരസ്പ്പരം അടിച്ചുകൊണ്ടാണ് ഇരുടീമുകളും മുന്നേറിയത്. രണ്ടാം മിനിറ്റില്‍ യുണൈറ്റഡ് ബ്രൂണോ ഫെര്‍ണാണ്ട സിലൂടെ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയാണ് ഗോളാക്കിയത്. എന്നാല്‍ അടുത്ത അഞ്ചു മിനിറ്റുകള്‍ക്കിടയില്‍ രണ്ടു ഗോളുകള്‍ തിരിച്ചടിച്ചാണ് ടോട്ടനം മുന്നേറിയത്. 4-ാം മിനിറ്റില്‍ താന്‍ഗ്വേ ഡോംബാലേയും 7-ാം മിനിറ്റില്‍ സൂന്‍ ഹ്യൂംഗ് മിന്നുമാണ് ഗോളുകള്‍ നേടിയത്. 28-ാം മിനിറ്റില്‍ ആന്റണി മാര്‍ഷ്യല്‍ ചുവപ്പുകാര്‍ഡ് കാണേണ്ടിവന്നത് യുണൈറ്റഡിന് വലിയ ക്ഷീണമായി.
മൂപ്പതാം മിനിറ്റില്‍ ഹാരീ കെയിന്‍ മൂന്നാം ഗോള്‍ നേടിയപ്പോള്‍ 37-ാം മിനിറ്റില്‍ സൂന്‍ ഹ്യൂംഗ് മിന്‍ തന്റെ രണ്ടാം ഗോളടിച്ച് ടീമിന് 4-1ന്റെ ലീഡ് നല്‍കി. 51-ാം മിനിറ്റില്‍ സെര്‍ഗേ ഔറിയര്‍ അഞ്ചാം ഗോളും 79-ാം മിനിറ്റിലെ പെനാല്‍റ്റി മുതലാക്കി ഹാരീ കെയിന്‍ വ്യക്തിഗത രണ്ടാം ഗോളും ടീമിനായി 6-1ന്റെ ജയവും സമ്മാനിച്ചു.