മാക്കൂട്ടം ചുരം റോഡില്‍ കര്‍ണാടക ആര്‍ടിസി സ്ലീപ്പര്‍ കോച്ച്‌ ബസ് മരത്തിലിടിച്ച്‌ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബസ് ഡ്രൈവര്‍ മരിച്ചു. വീരാജ് പേട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചു ബസ് ഡ്രൈവര്‍സ്വാമിയാണ് മരണമടഞ്ഞത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ബസ് കാബിനുള്ളില്‍ കുടുങ്ങിപ്പോയ ഇയാളെ ബസിന്റെ മുന്‍വശത്തെ ഡോര്‍ വെട്ടിപ്പൊളിച്ചാണ് മണിക്കൂറുകളുടെ ശ്രമഫലമായ ഫയര്‍ഫോഴ്സ് പുറത്തെടുത്തത്. ഡ്രൈവര്‍ അടക്കം
15 പേരെ വീരാജ് പേട്ട, കണ്ണൂര്‍ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ നാലോടെ ചുരം റോഡിലെ മെതിയടിപ്പാറ ഹനുമാന്‍ കോവിലിനടുത്ത കൊടും വളവിലാണ് ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു ചെരിഞ്ഞത്. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. ഇതു വഴിയെത്തിയ മറ്റ് വാഹന യാത്രികരാണ് വിവരം പുറം ലോകത്തെ അറിയിച്ചത്.
അര മണിക്കൂറിനകം ഇരിട്ടി, വീരാജ് പേട്ട ഫയര്‍ ഫോഴ്സുകള്‍ സ്ഥലത്തെത്തുകയായിരുന്നു. കുടുങ്ങിപ്പോയ ഡ്രൈവറെ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തേക്കെടുത്തത്. ബംഗളൂരുവില്‍ നിന്നും കണ്ണുരിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കോടയും മഞ്ഞും കാരണം ഡ്രൈവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു സംശയിക്കുന്നതായി ഫയര്‍ ഫോഴ്സ് അറിയിച്ചു. അപകടം നടന്നയുടന്‍ കണ്ണൂരില്‍ നിന്നും ഡിഫന്‍സ് സേനയും സ്ഥലത്തെത്തിയിരുന്നു. ബസ് നീക്കം ചെയ്തു അന്തര്‍സംസ്ഥാന പാതയില്‍ ഗതാഗതതടസം നീക്കിയിട്ടുണ്ട്.