തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍‍മഴ ലഭിച്ചുവെങ്കിലും ജലസംഭരണികളില്‍ ജലനിരപ്പ് പ്രതീക്ഷിച്ച തോതില്‍ വർധിച്ചിട്ടില്ലെന്ന് കെഎസ്ഇബി. കാലവര്‍‍ഷം ശക്തി പ്രാപിക്കാത്തതിനെ തുടര്‍‍ന്ന് കെഎസ്ഇബിയുടെ ജലസംഭരണികളില്‍ ജലനിരപ്പ് ഉയർന്നിട്ടില്ല. ഈ മാസം ഇതുവരെ പ്രതീക്ഷിച്ചത് 237 ദശലക്ഷം യൂണിറ്റിനുള്ള നീരൊഴുക്കാണ്. എന്നാല്‍ 157 ദശലക്ഷം യൂണിറ്റിനുള്ള ജലം മാത്രമേ കെഎസ്ഇബിയുടെ അണക്കെട്ടുകളിൽ ഒഴുകിയെത്തിയിട്ടുള്ളൂ എന്ന് അധികൃതർ അറിയിച്ചു.

നേരത്തെ ഏര്‍‍പ്പെട്ട 300 മെഗാവാട്ട് പ്രതിമാസ കരാര്‍ നിലവിലുള്ളതിനാലാണ് ഇപ്പോള്‍‍ വൈദ്യുതി പ്രതിസന്ധി നേരിടാതെ പിടിച്ചു നില്‍‍ക്കാന്‍‍ സാധിക്കുന്നത്. വേനല്‍ക്കാലത്ത് ഉത്തർ പ്രദേശ്, പഞ്ചാബ്, ബിഎസ്ഇഎസ് എന്നിവിടങ്ങളിൽ നിന്നും കൈമാറ്റ ഉടമ്പടി (സ്വാപ്) പ്രകാരം വാങ്ങിയ 10.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇന്നലെ മുതല്‍ തിരികെ നല്‍കിത്തുടങ്ങി.

850 മെഗാവാട്ടിന്റെ കരാറുകളുടെ കാലാവധി കഴിഞ്ഞെങ്കിലും, മാര്‍‍ച്ചിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് ജൂണില്‍‍ വൈദ്യുതി ആവശ്യം കുറയാന്‍‍ സാധ്യതയുണ്ടെന്ന് കണ്ട് ഈ മാസം വേറെ കരാറുകളില്‍ ഏര്‍‍പ്പെട്ടിരുന്നില്ല. അതേസമയം വൈദ്യുത ഉപഭോഗത്തില്‍ വലിയ കുറവുണ്ടാകുന്നില്ല. നിലവില്‍ ആവശ്യത്തിനനുസരിച്ച് കരാറുകളില്‍ ഏര്‍‍പ്പെട്ടിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.

സംസ്ഥാനത്ത് ഉയർന്ന താപനില രേഖപ്പെടുത്തിയ മാസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ കുറഞ്ഞതാണ് തിരിച്ചടിയായത്. തുടർന്ന് വൈദ്യുതി പുറത്തുനിന്നും വാങ്ങുകയായിരുന്നു. സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ മൺസൂൺ എത്തിയെങ്കിലും മഴയുടെ ശക്തി കുറഞ്ഞു. മെയ് അവസാനത്തോടെയും ജൂൺ ആദ്യ ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമായിരുന്നു.

മലയോര ജില്ലകളിലടക്കം മഴ കനത്തു. എറണാകുളം, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തു. കോട്ടയം, ഇടുക്കി ജില്ലകളിൽ പെയ്ത ശക്തമായ മഴയിൽ വീടുകളിലും റോഡുകളിലും വെള്ളം കയറി. മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിലുമുണ്ടായി. എന്നാൽ ജൂൺ അഞ്ചിന് ശേഷം സംസ്ഥാനത്ത് മഴയുടെ ശക്തി കുറഞ്ഞു. ഒറ്റപ്പെട്ട തോതിൽ ഇടവിട്ടുള്ള മഴ മാത്രമാണ് ലഭിക്കുന്നത്. ഇതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും കുറഞ്ഞു. ഈ മാസം അവസാനത്തോടെ മഴ കരുത്താർജ്ജിക്കുമെന്നാണ് റിപ്പോർട്ട്.