ന്യൂഡൽഹി ∙ മലയാള മനോരമ ഡൽഹി സീനിയർ കോഒാർഡിനേറ്റിങ് എഡിറ്റർ ഡി.വിജയമോഹൻ (65) അന്തരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് കരിങ്ങയിൽ കാരയ്ക്കാട്ടുകോണത്തു വീട്ടിൽ 1955 ഫെബ്രുവരി 28ന് ജനിച്ചു. അച്ഛൻ. പി.കെ. ദാമോദരൻ നായർ. അമ്മ. എസ് മഹേശ്വരി അമ്മ. ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐപിസിഎന്‍എ) മാധ്യമശ്രീ പുരസ്‌ക്കാരം നേടിയിട്ടുണ്ട്. ഇന്ത്യാപ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എക്കാലത്തെയും അഭ്യുദയാകാംക്ഷിയായിരുന്നു.

ബാംഗ്ലൂർ കൈരളിനികേതൻ സ്കൂൾ, നെടുമങ്ങാട് ഗവ ഹൈസ്കൂൾ, തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളിൽ പഠനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽനിന്ന് സാമ്പത്തികശാസ്ത്രത്തിൽ ബിരുദവും യൂണിവേഴ്സിറ്റി കോളജിൽനിന്ന് ബിരുദാനന്തര ബിരുദവും നേടി. 1978 ലാണ് മനോരമയിൽ േചർന്നത്. 1985 മുതൽ ഡൽഹി ബ്യൂറോയിൽ. അതിനു മുൻപ് കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും പ്രവർത്തിച്ചു.

കോമൺവെൽത്ത് പ്രസ് യൂണിയന്റെ ഹാരി ബ്രിട്ടൻ ഫെല്ലോഷിപ്പിൽ ഇംഗ്ലണ്ടില്‍ പത്രപ്രവർത്തനത്തിൽ ഉപരിപഠനം നടത്തി. പത്രപ്രവർത്തനത്തിന്റെ ഭാഗമായി 23 വിദേശ രാഷ്ട്രങ്ങൾ സന്ദർശിച്ചു. ഡൽഹി ഫിലിം സെൻസർ ബോർഡ്, ലോക്സഭാ പ്രസ് അഡ്വൈസറി സമിതി എന്നിവയിൽ അംഗമായിരുന്നു.

കൃതികൾ: ചെന്താർക്കഴൽ(കവിതാസമാഹാരം), ഈ ലോകം അതിലൊരു മുകുന്ദൻ, സ്വാമി രംഗനാഥാനന്ദ(ജീവചരിത്രം), എ രാമചന്ദ്രന്റെ വരമൊഴികൾ, ഹ്യൂമർ ഇൻ പാർലമെന്റ്.

മലയാള മനോരമ ചീഫ് എഡിറ്റേഴസ് ഗോൾഡ് മെഡൽ(1995) ആദ്യമായി നേടുന്നത് ഡി.വിജയമോഹനാണ്. കേരള പ്രസ് അക്കാദമിയുടെ വി കരുണാകരൻ നമ്പ്യാർ അവാർഡ് (1986),തിരുവനന്തപുരം പ്രസ് ക്ലബിന്റെ ശിവറാം അവാർഡ്(1987),കേരള സർക്കാറിന്റെ അവാർഡ് (2004) എന്നിവ നേടി. എ രാമചന്ദ്രന്റെ വരമൊഴികൾക്ക് കേരള ലളിത കല അക്കാദമിയുടെ അവാർഡും (2005) സ്വാമി രംഗനാഥാനന്ദയുടെ ജീവചരിത്രത്തിന് പി കെ പരമേശ്വരൻ നായർ അവാർഡും (2007) ലഭിച്ചു. ഭാര്യ: എസ്.ജയശ്രീ, മകൻ: അഡ്വ.വി.എം.വിഷ്ണു. മരുമകൾ:നീനു.