മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റെ അറസ്റ്റിൽ അലഹബാദ് ഹൈക്കോടതിയെയാണ് സമീപിക്കേണ്ടതെന്ന് കേരള പത്രപ്രവർത്തക യൂണിയനോട് സുപ്രിംകോടതി.
ജാമ്യക്കാര്യത്തിൽ ഉത്തർപ്രദേശിലെ ഒരു കോടതിയും തീരുമാനമെടുക്കില്ലെന്ന് യൂണിയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആശങ്ക അറിയിച്ചു. റിട്ട് ഹർജി ഭേദഗതി ചെയ്യാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. തുടർന്ന്, നാലാഴ്ചയ്ക്ക് ശേഷം ഹർജി പരിഗണിക്കാനായി മാറ്റി. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഹത്‌റാസിലേക്ക് പോകുകയായിരുന്ന മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തതിനെയാണ് കേരള പത്രപ്രവർത്തക യൂണിയൻ ചോദ്യം ചെയ്തത്. പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരാണെന്ന് ആരോപിച്ചാണ് മാധ്യമപ്രവർത്തകൻ അടക്കം നാല് പേരെ കസ്റ്റഡിയിലെടുത്തത്. നാല് പേർക്കുമെതിരെയും യുഎപിഎ ചുമത്തി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.