ഡാലസ് ∙ കേരള ലിറ്റററി സൊസൈറ്റി (കെഎൽഎസ്)യുടെ ആഭിമുഖ്യത്തിൽ നടന്ന പുളിമാത്ത് ശ്രീകുമാറിന്റെ കഥാപ്രസംഗം അമേരിക്കൻ സാഹിത്യപ്രേമികൾക്ക് ഒരു പുതുമയേറിയ അനുഭവമായി. മലയാള കാവ്യഗന്ധർവ്വൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ജീവിതകഥ ‘ചങ്ങമ്പുഴ സ്നേഹിച്ചു തീരാത്ത ഗന്ധർവ്വൻ’ കഥാപ്രസംഗാവിഷ്കാരമായി സൂമിലൂടെ അമേരിക്കൻ മലയാളികൾക്കുവേണ്ടി തല്‍സമയം അവതരിപ്പിച്ച പുളിമാത്ത് ശ്രീകുമാർ കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവു കൂടിയാണ്.
കഥാപ്രസംഗ കലയുടെ ചരിത്രം, വളർച്ച, അതിന്റെ സാമൂഹ്യ രാഷ്ട്രീയ പ്രാധാന്യം എന്നിവയെക്കുറിച്ചു ജോസ് ഓച്ചാലിൽ പ്രബന്ധം അവതരിപ്പിച്ചു പരിപാടിക്കു തുടക്കം കുറിച്ചു. കഥാപ്രസംഗ കലയുടെ തനിമ ഒട്ടും ചോർന്നു പോകാതെ, അതിന്റെ പ്രൗഡിയും ഗാഭീര്യവും നിലനിർത്തി രണ്ടു മണിക്കൂർ ചങ്ങമ്പുഴ എന്ന അതുല്യ പ്രതിഭയുടെ ജീവിതാനുഭവങ്ങളിലൂടെ കേൾവിക്കാരെ കൂട്ടിക്കൊണ്ടുപോകാൻ ശ്രീകുമാറിന് കഴിഞ്ഞു.
നാനൂറിലധികം പ്രേക്‌ഷകർ ഈ പരിപാടിയിൽ സംബന്ധിച്ചു എന്നത് നാടിനോടും നാട്ടിലെ കലാരൂപങ്ങളോടും അമേരിക്കൻ മലയാളികൾക്കുള്ള താൽപര്യം വിളിച്ചോതുന്നതായി. കേരളത്തിലെ തനത് കലാരൂപങ്ങളെ അതിന്റെ പകിട്ട് ഒട്ടും ചോർന്നു പോകാതെ അമേരിക്കൻ മലയാളികളിൽ നിരന്തരം എത്തിക്കുന്ന കേരള ലിറ്റററി സൊസൈറ്റിയുടെ ഇത്തരം ശ്രമങ്ങൾ പ്രശംസനീയമാണ്.
കഥാപ്രസംഗത്തിനു ശേഷം നടന്ന സാഹിത്യ ചർച്ചയിൽ സംഘടനാ പ്രസിഡന്റ് സിജു വി ജോർജ്, ലാനാ പ്രസിഡന്റ് ജോസൻ ജോർജ്, പ്രശസ്ത ടിവി, സിനിമ ആർട്ടിസ്റ് വഞ്ചിയൂർ പ്രവീൺ കുമാർ, സംഗീത സംവിധായകൻ ആലപ്പി ഋഷികേശ്, കാഥികൻ സൂരജ് സത്യൻ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തു സഹകരിച്ച ഏവർക്കും കേരള ലിറ്റററി സൊസൈറ്റി സെക്രട്ടറി ഹരിദാസ് തങ്കപ്പൻ നന്ദി രേഖപ്പെടുത്തി.