മലപ്പുറത്ത് വൻകഞ്ചാവ് വേട്ട. വാഹന പരിശോധനക്കിടെ
300 കിലോ കഞ്ചാവ് പിടികൂടി. ഉള്ളി നിറച്ച മിനിലോറിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. കേസിൽ 5 പേർ പിടിയിലായി.

ഇന്ന് പുലർച്ചെ 3 മണിയോടെ മലപ്പുറം ചാപ്പനങ്ങാടി സ്‌കൂൾന് സമീപത്ത് വെച്ചാണ് വാഹന പരിശോധനക്കിടെ പൊലീസ് 300 കിലോ കഞ്ചാവ് പിടികൂടിയത്. അരീക്കോട് സ്വദേശി ഷാഹുൽ ഹമീദ്, മഞ്ചേരി സ്വദേശി അക്ബർ അലി,കോട്ടക്കൽ സ്വദേശി അബ്ദുറഹ്മാൻ, ഇരുമ്പുഴി സ്വദേശി നജീബ്, കരിപ്പൂർ സ്വദേശി. മുഹമ്മദ് ഇർഷാദ് എന്നീ അഞ്ചു പേരാണ് കഞ്ചാവുമായി പിടിയിലായത്. ഉള്ളി നിറച്ച മിനിവാനിൽ ഒളിപ്പിച്ചനിലയിൽ 8 ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതുകൂടാതെ പ്രതികൾ സഞ്ചരിച്ചിരുന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷൻ ഇന്നോവ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാനായാനായിരുന്നു കഞ്ചാവ് എത്തിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഘത്തിൽ ഉൾപ്പെട്ട ഏതാനും പേർ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന.