വണ്ടൂര്‍: മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. വണ്ടൂര്‍ അമ്പലപ്പടി ശിവക്ഷേത്രത്തിന് സമീപം സബ് സ്റ്റേഷന്‍ റോഡില്‍ ശനിയാഴ്ച ഉച്ചക്ക് ഒന്നേമുക്കാലോടെയാണ് സംഭവം. ശാന്തി നഗറില്‍ നിന്നും വെള്ളാമ്പുറം വഴി വണ്ടൂരിലേക്ക് വരികയായിരുന്ന ഫോര്‍ഡ് ഇക്കോസ്ഫോര്‍ട്ട് വാഹനത്തിനാണ് തീ പിടിച്ചത്. എതിര്‍ ദിശയില്‍ നിന്നും ബൈക്കില്‍ വരികയായിരുന്ന യുവാക്കളാണ് വാഹനത്തില്‍ തീ പടരുന്നത് കണ്ടത്.

ഉടന്‍ തന്നെ യുവാക്കള്‍ വാഹനമോടിച്ചിരുന്ന മോയിക്കല്‍ ജിന്‍ഷാദിനെ കൈ കാണിച്ചു അപായ സൂചന നല്‍കി. ഇതോടെ വാഹനം നിര്‍ത്തി ഇറങ്ങാനായതിനാല്‍ വന്‍ ദുരന്തമൊഴിവായി. വണ്ടൂര്‍ പോലീസും തിരുവാലിയില്‍ നിന്നുള്ള അഗ്‌നിരക്ഷാ സേനയും നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയാണ് തീ പൂര്‍ണ്ണമായും അണച്ചത്. എന്നാല്‍ വാഹനം പൂര്‍ണ്ണമായും കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.