മലപ്പുറം താനൂരിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ബേപ്പൂർ സ്വദേശി വൈശാഖിനെയാണ് കൊലപെടുത്തിയത്. മദ്യപിച്ചതിന് ശേഷമുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തുക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. പ്രതികൾക്കായി താനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.

ചൊവ്വാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. താനൂരിലെ പി.വി.എസ് തിയ്യറ്ററിന് അടുത്തുള്ള കുളത്തിലാണ് ഇരുപത്തിയെട്ടുകാരനായ ബേപ്പൂർ സ്വദേശി വൈശാഖിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. താനൂരിൽ ആശാരി പണിക്കായി എത്തിയതായിരുന്നുവൈശാഖ്. തിങ്കളാഴ്ച്ച രാത്രി വൈശാഖും സുഹൃത്തുക്കളും ചേർന്ന് മദ്യപിച്ചു. തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ പ്രതികൾ വൈശാഖിനെ തലയ്ക്കടിച്ചു വീഴ്ത്തി. മരണം ഉറപ്പാക്കിയ ശേഷം മൃതദേഹം സമീപത്തെ കുളത്തിൽ ഉപേക്ഷിച്ചു.

പിറ്റേന്ന് വൈശാഖിനെ കാണാനില്ലെന്ന് പൊലീസിനെ അറിയിച്ചതും പ്രതികളാണ്. വൈശാഖിന്റെ തലയ്ക്കുപിന്നിലെ പരുക്ക് ഭാരമുള്ള വസ്തുക്കൾ കൊണ്ടുള്ള അടിയിൽ ഉണ്ടായതാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുമുണ്ട്. സംഭവസ്ഥലത്ത് ഡോഗ് സ്‌ക്വാഡും, വിരലടയാള വിദഗ്ദരും പരിശോധന നടത്തി.ഇതിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പൊലീസ് ഉറപ്പിച്ചത്. പ്രതികളെ സംബന്ധിച്ച് വ്യക്തമായ സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്.