മലപ്പുറം: ജില്ലയില്‍ കൊവിഡ് 19 ഭേദമായി തുടര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരും വെള്ളിയാഴ്ച വീടുകളിലേയ്ക്ക് മടങ്ങി. ഇതോടെ ഇനി ജില്ലയില്‍ കോവിഡ് ബാധതരില്ല. കാലടി ഒലുവഞ്ചേരി സ്വദേശി താഴത്ത് വളപ്പില്‍ മുഹമ്മദ് കബീര്‍ (38), മാറഞ്ചേരി പരിച്ചകം സ്വദേശി തെക്കെക്കരയില്‍ അബ്ദുള്‍ ലത്തീഫ് (40) എന്നിവരാണ് രാവിലെ 10.30 ന് കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് മടങ്ങിയത്.

തങ്ങള്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കിയ സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇരുവരും നന്ദി പറഞ്ഞു. ചികിത്സാ സമയത്ത് യാതൊരു മാനസിക സംഘര്‍ഷവും ഉണ്ടായിരുന്നില്ല. ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും മികച്ച പരിചരണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്നും പുതു ജീവിതത്തിലേയ്ക്കാണ് ഇനി പ്രവേശിക്കുന്നതെന്നും ഇരുവരും പറഞ്ഞു.