സിസ്റ്റർ അനർഘ മരിച്ചു. മലങ്കര ബഥനി സന്യാസിനീ സൂഹത്തിലെ ഒരു സമർപ്പിതയായിരുന്നു സി.അനർഘ .

കോഴിക്കോട് , വേളംകോട് സ്കൂളിലെ അധ്യാപികയായി, DCL ശാഖാ ഡയറക്ടറായി, സി.അനർഘ ചെയ്തത് നിസ്തുലമായ സേവനമാണ്. എത്ര വർഷങ്ങൾ…. ഡിസിഎൽ ക്യാമ്പുകളിലും മത്സരങ്ങളിലും കൈ നിറയെ കുഞ്ഞുങ്ങളുമായി നിറഞ്ഞ ചിരിയോടെ അനർഘ വരുമായിരുന്നു.

എന്തു സേവനം ചെയ്യാനും എന്തു സന്തോഷമായിരുന്നു, അനർഘക്ക്! എല്ലാം കൃത്യമായി ചെയ്യും.

ഒരു വ്യക്തിത്വത്തിൻ്റെ ശ്രേഷ്ഠത അയാൾ ചെയ്യുന്ന ജോലിയോടുള്ള സത്യസന്ധതയിലൂടെയാണ് വെളിപ്പെടുന്നത്. നയാ പൈസാ യുടെ വത്യാസമില്ലാത്ത സാമ്പത്തിക വിനിമയവും
കാര്യങ്ങൾ ചെയ്യാനുള്ള കൃത്യനിഷ്ഠയും നിരന്തരമുള്ള പ്രസരിപ്പും അനർഘ സിസ്റ്ററിനെ DCLകൂട്ടായ്മയിലെ അന്തസുള്ള സഹപ്രവർത്തകയാക്കി.

ഒരാളുടെ വ്യക്തിത്വത്തിൻ്റെ മഹത്വം നമ്മൾ അറിയുന്നത് അയാൾ ഒരു രോഗിയായിത്തീരുമ്പോഴാണ്. അനർഘ മരണകരമായ ഒരു രോഗത്തെ സ്വീകരിച്ച രീതി എന്നെ അത്ഭുതപ്പെടുത്തി. എന്തൊരു സന്തോഷമായിരുന്നു സിസ്റ്ററിന്….

നമുക്കു വേണ്ടി സഹിച്ച ഈശോക്കു വേണ്ടി സഹിക്കാൻ ,എന്നെയല്ലേ ഈശോ തെരഞ്ഞെടുത്തത്.
കൊച്ചേട്ടനെ അല്ലല്ലോ. എനിക്കല്ലേ മറ്റുള്ളവരുടെ സൗഖ്യത്തിനായി രോഗിയാകാൻ അവസരം കിട്ടിയത്…. നിങ്ങൾക്കാർക്കുമല്ലല്ലോ….

എനിക്കു വേഗം സുഖമാകും. ഞാൻ ഇനിയും പഠിപ്പിക്കും. എൻ്റെ വിദ്യാർഥികൾ എൻ്റെ മക്കളാണ്.
വേളം കോട്ടെ എൻ്റെ മക്കൾ എത്ര നല്ലവരാണെന്നോ…. എനിക്ക് വേഗം അവരുടെ അടുത്തെത്തണം.
DCLഐക്യു സ്കോളർഷിപ്പിൽ കൂടുതൽ മക്കളെ ചേർക്കണം.
നമ്മുടെ മെഡലൊക്കെ സൂപ്പറാ കൊച്ചേട്ടാ…. പിള്ളേർക്ക് എന്തിഷ്ടമാണെന്നോ…?
ഇപ്പോഴും ആ ചിരിയിൽ ചാലിച്ച സ്വര ധാര എൻ്റെ നെഞ്ചിൽ വന്നലയ്ക്കുന്നു!

കത്തോലിക്കാ സഭയിലെ ഒരു കന്യാസ്ത്രിയുടെ ജീവിതവീക്ഷണം എന്താണ്, എന്താകണം എന്നതിന് സിസ്റ്റർ അനർഘ SlC ഉദാത്ത മാതൃകയാണ്.

ക്രിസ്തുവിനു വേണ്ടി പൂർണ്ണമനസോടെ ജീവിതം സമർപ്പിക്കുമ്പോൾ അവൾക്ക് എന്താണ് സ്വന്തമായി ലഭിക്കുന്നത്?ജീവിതത്തിൻ്റെ കയ്പും മധുരവും ഒരേ മനസോടെ പാനം ചെയ്യാനുള്ള ഒരു ആത്മീയ പക്വതയുണ്ടല്ലോ, അതാണ് സി.അനർഘക്ക് ദൈവം നൽകിയ അപൂർവ്വ വരം.

ഏതു സഹനവും ക്രിസ്തുവിൻ്റെ സ്നേഹത്തിൽ ലയിപ്പിക്കാനുള്ള, സിസ്റ്റർ അനർഘയുടെ, അവസാനം വരെ സൂക്ഷിച്ച ആ ചങ്കൂറ്റമുണ്ടല്ലോ, അതാണ് ഒരു കത്തോലിക്കാ കന്യാസ്ത്രീയുടെ,
സ്ത്രീ സ്വത്വത്തെ അടയാളപ്പെടുത്തുന്ന സന്യാസമുദ്ര..

സി. അനർഘ ഒരു പുണ്യവതിയാണ്. കൊടിയ സഹനങ്ങളെ അവൾ സ്നേഹിച്ചു സ്നേഹിച്ചു ത്യാഗമാക്കി, പുണ്യമാക്കി.! മരണം ഉറപ്പിച്ചു കഴിഞ്ഞ ഒരാളുടെ ജീവിതമുണ്ടല്ലോ, അതാണ് ജീവിതം! മരിക്കുമ്പോൾ, സിസ്റ്ററിന്, 39 വയസായിരുന്നു. കറേ വർഷങ്ങളായി രോഗബാധിതയായിരുന്നു.
ബഥനി സന്യാസസഭയിൽ ഇനിയും ചെയ്തു തീർക്കാനുള്ള ഒത്തിരി സ്വപ്നങ്ങൾ അനർഘ പങ്കുവച്ചിരുന്നു. രോഗം ശരീരത്തെ വേട്ടയാടിത്തുടങ്ങിയപ്പോൾ , ശരീരത്തിൻ്റെ ചലന വേഗം മനസിനൊപ്പം എത്താൻ മടിച്ചു തുടങ്ങിയപ്പോൾ, തൻ്റെ സ്വപ്ന സൂനങ്ങൾ ഒന്നൊന്നായി കൊഴിയുന്നത് അവൾ അനുനിമിഷം രിച്ചറിയുന്നുണ്ടായിരുന്നു.

അനർഘ…….

ജീവിതം കയ്യിൽ നിന്ന് വഴുതി വീഴാൻ തുടങ്ങുമ്പൊഴും നീ പ്രസരിപ്പിച്ച ആ പ്രസന്നതയുണ്ടല്ലോ, അതിൻ്റെ രഹസ്യമെന്തായിരുന്നു?

ഉടലുടഞ്ഞപ്പൊഴും, മുടി കൊഴിഞ്ഞപ്പോഴും ഇതെല്ലാം എൻ്റെ ഈശോ ,സ്വർഗത്തിൽ നടത്തുന്ന പ്രച്ഛന്നവേഷ മത്സരത്തിൻ്റെ മുന്നൊരുക്കമാണെന്ന് പറഞ്ഞ് കുടു കുടെ ചിരിക്കാനും ചിരിപ്പിക്കാനും നിനക്കെങ്ങനെ കഴിഞ്ഞു? കല്പറ്റയിലെ ബഥനി കോൺവെൻ്റിൽ, അവസാനകാലം ചിരി കൊണ്ടു മൂടുന്ന സിസ്റ്റർ അനർഘയെ കാണാൻ ചെന്നപ്പോൾ പറഞ്ഞത് ഓർക്കുന്നു:

ഇത്രേം കാലം ജീവിക്കാൻ ഈശോ കൃപ തന്നില്ലേ… ഞാൻ ഹാപ്പിയാണച്ചാ…. എത്രയോ പേർ ഈ രോഗം ബാധിച്ച് പരിചരിക്കാൻ ആരുമില്ലാതെ കഷ്ടപ്പെടുന്നു? ഇവിടെ എനിക്കെന്തു സുഖമാ…. എൻ്റെ ബഥനിയിലെ അമ്മമാർ എന്നെ പൊന്നുപോലെയാ നോക്കുന്നേ…. അവർ ഓരോരുത്തരും എനിക്കു വേണ്ടി എന്തുമാത്രം കഷ്ടപ്പെടുന്നു….?

തൻ്റെ സന്യാസസഭയോടും മലങ്കര കത്തോലിക്കാ സഭയോടുമുള്ള സിസ്റ്റർ അനർഘയുടെ ഗാഢ സ്നേഹം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. തന്നെ വളർത്തിയ സഭയെ അവൾ ഒരിക്കലും മറന്നില്ല.

പരാതിയോ പരിഭവമോ ഇല്ലാതെ ലഭിച്ചെതെല്ലാം അധികമാണ് എന്ന അവളുടെ വിനയാന്വിതമായ ആ മനസു കണ്ടിട്ടാണ് സി.അനർഘ ഒരു പുണ്യവതിയാണ് എന്നു ഞാൻ പറഞ്ഞത്.

അനർഘ എന്ന പേരിൻ്റെ പൊരുൾ വിലമതിക്കാനാവാത്തത് എന്നാണ്.( ബഥനി സന്യാസിനി മാരുടെ പേരുകളൊക്കെ ഭാരതീയമായ അത്ഥസൗന്ദര്യം ധ്വനിപ്പിക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.)

സിസ്റ്റർ അനർഘ… 2020ലെ ഉയിർപ്പുതിരുനാളിൽ ഈശോയ്ക്ക് സ്വർഗത്തിലേക്കു പോകാൻ ഒരു സഹയാത്രികയെ വേണമായിരുന്നു…
കഠിന സഹനം കൊണ്ട് ജീവിതത്തെ വിശുദ്ധീകരിച്ച നിന്നെയാണ്,
അവിടുന്ന് വിളിച്ചത്…. നീ എത്ര ഭാഗ്യവതിയായി….
ഇന്നു നീ അവനോടുകൂടെ പറുദീസായിൽ ആയിരിക്കുമ്പോൾ ഞങ്ങളേയും ഓർക്കണേ….

പെങ്ങളേ… ഞാൻ മരിക്കുമ്പോൾ കൊച്ചേട്ടൻ വന്ന് പ്രാർത്ഥിക്കണേ എന്ന നിൻ്റെ അഭ്യർത്ഥന കൊറോണ വിഴുങ്ങി … നീ ഏറെ സ്നേഹിച്ച കൊച്ചേട്ടനും DCLകുടുംബാംഗങ്ങളും മനസുകൊണ്ട് നിൻ്റെ ആത്മാവിനോടൊപ്പുണ്ട്. ബത്തേരി ബഥനി കോൺവെൻ്റിൽ ഇപ്പോൾ നിൻ്റെ മൃത സംസ്കാരം നടക്കുകയാണ്. ഇപ്പോൾ അവിടെ വന്നു പറയേണ്ട കാര്യങ്ങളാണ് ഞാനിവിടെ കോട്ടയത്ത് ദീപികയിലിരുന്ന് എഴുതുന്നത്.

വി.അൽഫോൻസാമ്മയേപ്പോലെ സഹനം കൊണ്ടു വിശുദ്ധയാകുന്ന ഒരു മകളെ വളർത്താൻ ഭാഗ്യം ലഭിച്ച സി.അനർഘയുടെ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയുംസഭാംഗങ്ങളുടെയും ഹൃദയമിടിപ്പുകളോടൊപ്പം ഞങ്ങളുടെ പ്രാർത്ഥനയും അർപ്പിക്കുന്നു…

ഇനി നീ പൊയക്കൊള്ളുക…
സ്വർഗത്തിൽ നിന്ന് “അനർഘ “മായ നന്മകൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വാരി വിതറുക…..
നിൻ്റെ ആത്മാവിന് നിത്യശാന്തി.

ഫാ.റോയി കണ്ണൻചിറ CMI
ഡയറക്ടർ (കൊച്ചേട്ടൻ )
ദീപിക ബാല സഖ്യം

(ബഥനി മിശിഹാനുകരണ സന്ന്യാസിനി സമൂഹത്തിലെ ബഹുമാനപ്പെട്ട #സി_അനർഘ_SIC (ബത്തേരി പ്രൊവിൻസ്) ഉത്ഥിതനോടൊപ്പം പറുദീസായിലേക്ക് യാത്രയായി…. (12. 04 .2020 – 01.10 AM))