തിരുവനന്തപുരം: ഉറവിടമറിയാത്ത കോവിഡ് കേസുകള്‍ സമൂഹവ്യാപനത്തിന്റെ ലക്ഷണമായി കാണാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എപ്പിഡമോളജിക്കല്‍ ലിങ്കേജ് അഥവാ കേസുകളുടെ ഉത്ഭവം എവിടെ നിന്നാണെന്ന് കണ്ടെത്താനാകാത്ത കുറേ കേസുകള്‍ ഒരേ സ്ഥലത്ത് കണ്ടെത്തുമ്ബോഴാണ് സമൂഹവ്യാപനം ഉണ്ടായെന്ന് കണക്കാക്കപ്പെടുക. കേരളത്തില്‍ ഇത്തരം പത്തു-മുപ്പതോളം കേസുകള്‍ കണ്ടെത്തിയില്ലേ എന്ന ചോദ്യം ഉയര്‍ത്തുന്നവര്‍ക്ക് അത് സമൂഹവ്യാപനത്തിന്റെ ലക്ഷണമല്ലേ എന്നും സ്വാഭാവികമായും സംശയമുണ്ടായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വ്യക്തിക്ക് രണ്ടാഴ്ചക്കാലത്ത് അയാളുമായി ബന്ധപ്പെട്ട എല്ലാ മനുഷ്യരേയും പൂര്‍ണമായും ഓര്‍ത്തെടുക്കാന്‍ ചിലപ്പോള്‍ സാധിക്കില്ല. അതുകൊണ്ട് റൂട്ട് മാപ്പില്‍ കുറച്ചുപേരെങ്കിലും ലിങ്ക് ചെയ്യപ്പെടാതെ പോയേക്കാം. അത്തരത്തില്‍ ഒരാള്‍ക്ക് പുതുതായി രോഗം ബാധിച്ചാല്‍ എപ്പിഡമോളജിക്കല്‍ ലിങ്ക് ഇല്ലെന്നുതന്നെ പറയേണ്ടിവരും. ഒറ്റപ്പെട്ട ഈ മുപ്പതോളം കേസുകളിലും കഴിഞ്ഞ 14 ദിവസം അവര്‍ ബന്ധപ്പെട്ടവരില്‍ രോഗിയോ രോഗിയുടെ പ്രൈമറി കോണ്‍ടാക്ടില്‍ ഉള്ളവരോ ഉണ്ടോ എന്ന് അറിയാത്തതുകൊണ്ട് അവര്‍ സെക്കണ്ടറി കോണ്‍ടാക്ടായി മാറുകയാണ് ചെയ്യുന്നത്. അല്ലാതെ അവര്‍ സമൂഹവ്യാപനത്തിലേക്ക് പോയിട്ടില്ല. ഇത് കോവിഡ് 19-ന്റെ മാത്രം പ്രത്യേകതയാണ്. മറ്റു ചില പകര്‍ച്ചാവ്യാധികളില്‍ ഇങ്ങനെയല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.